ഗുവാഹത്തി : വ്യാപക നാശനഷ്‌ടം വിതച്ച പ്രളയം അസമില്‍ രൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ 29 ജില്ലകളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. 18 മരണങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതായി ദുരന്ത നിവാരണ സേന പ്രത്യേക ബുള്ളറ്റിനിലൂടെ അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്‌ടമായത്. സംസ്ഥാനത്തെ 29 ജില്ലകളിലെ 3246 ഗ്രാമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ വെള്ളത്തിനടിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്തെ 343 ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 86,772 അന്തേവാസികളാണ് കഴിയുന്നതെന്നും ഫ്ലഡ് ബുള്ളറ്റിനില്‍ അറിയിച്ചു.
കണ്ണീരോടെ ദിമ ഹസാവോ ജില്ല : 48 മണിക്കൂറിനുള്ളില്‍ ദിമ ഹസാവേയില്‍ നിന്ന് 269 പേരെയാണ് സില്‍ചാറിലേക്ക് മാറ്റി പാര്‍പ്പിച്ചത്. 24 മെട്രിക് ടണ്‍ ഭക്ഷ്യ വസ്‌തുക്കളും ജില്ലയിലേക്ക് ഗവണ്‍മെന്‍റ് വ്യോമസേനയുടെ സഹായത്തോടെ എത്തിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കാച്ചാർ, ദിമ ഹസാവോ ജില്ലകള്‍ക്ക് അസം സർക്കാർ അധികമായി രണ്ട് കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് വ്യാപകമായ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 100,732.43 ഹെക്‌ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി വീടുകള്‍ക്കും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ സേന പുറത്തുവിട്ട കണക്ക് പ്രകാരം 6,248 വീടുകള്‍ പ്രളയത്തില്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. മുപ്പതിനായിരത്തിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതവും സംസ്ഥാനത്ത് തടസപ്പെട്ടിട്ടുണ്ട്.