ഗുവാഹത്തി (അസം): തട്ടിപ്പു കേസില്‍ പ്രതിശ്രുത വരനെ ജയിലിലാക്കിയ അസമിലെ 'ലേഡി സിങ്കം' ജോന്‍മണി രാഭ അതേ കേസില്‍ ജയിലില്‍. കാമുകനുമായി ചേര്‍ന്ന് തങ്ങളെ കബളിപ്പിച്ച് പണം തട്ടി എന്ന് കാണിച്ച് രണ്ട് കരാറുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി. നിലവില്‍ നാഗോൺ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്‌ടറായ ജോന്‍മണിയെ രണ്ട് ദിവസമായി ചോദ്യം ചെയ്‌ത് വരികയായിരുന്നു.
മജൂലി കോടതി ജോന്‍മണിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്‍റെ (ONGC) ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിലെ പ്രതിയായിരുന്നു ജോന്‍മണിയുടെ കാമുകന്‍ റാണ പൊഗാഗ്. 2022 നവംബറില്‍ ഇരുവരുടേയും വിവാഹവും നടത്താന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പ്രതിശ്രുത വരനെ ജോന്‍മണി തന്നെ വിലങ്ങു വച്ച് ജയിലിലേക്ക് അയക്കുകയായിരുന്നു. ഇതോടെ ജോന്‍മണിക്ക് 'ലേഡി സിങ്കം' എന്ന പേര് വീണു. എന്നാല്‍ പൊഗാഗ് ജോന്‍മണിയുമായി സഖ്യം ചേര്‍ന്നാണ് തങ്ങളെ കബളിപ്പിച്ച് പണം തട്ടിയത് എന്ന് കരാറുകാര്‍ പരാതി നല്‍കി.
ഈ കേസിലാണ് ഇപ്പോള്‍ ജോന്‍മണി ജയിലിലായത്. ജോന്‍മണി ജനങ്ങളെ മര്‍ദിച്ചെന്നാരോപിച്ച് ബിഹ്‌പുരിയ എംഎൽഎ അമിയ കുമാർ ഭുയാനും രംഗത്തു വന്നിരുന്നു. ജോന്‍മണിയും എംഎല്‍എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ സംഭവം ഏറെ ചര്‍ച്ചയായി മാറി.
Also Read വരണമാല്യം ചാര്‍ത്താനായി നീട്ടിയ കൈകളില്‍ വിലങ്ങ്! സ്റ്റാറായി അസമിലെ വനിത എസ്.ഐ