ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസില്‍ (Asian Games) നീണ്ട 72 വര്‍ഷങ്ങള്‍ക്ക് ശേഷം ഷോട്ട്‌പുട്ട് വനിത വിഭാഗത്തില്‍ ഇന്ത്യക്കൊരു മെഡല്‍! ചരിത്രം കുറിച്ചുകൊണ്ടാണ് കിരണ്‍ ബലിയാന്‍ (Kiran Baliyan), ചീനമണ്ണില്‍ വെങ്കലം അണിഞ്ഞത് (Asian Games Kiran Baliyan Medal in Shot put). ഏഷ്യന്‍ ഗെയിംസിലെ വനിത ഷോട്ട്‌പുട്ട് വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് ഏഷ്യന്‍ ഗെയിംസിനോളം തന്നെ പഴക്കമുണ്ട്.
1951ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്‍റെ ആദ്യ പതിപ്പിലാണ് ഷോട്ട്‌പുട്ട് വനിത വിഭാഗത്തില്‍ ഇന്ത്യ ആദ്യമായി മെഡല്‍ സ്വന്തമാക്കുന്നത്. ബോംബെയില്‍ നിന്നുള്ള ഷോര്‍ട്ട്‌പുട്ട് താരം ബാര്‍ബറ വെബ്‌സ്റ്റര്‍ ആയിരുന്നു ജേതാവ്. മത്സരത്തില്‍ വെങ്കലം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നെങ്കിലും, ആദ്യ പതിപ്പില്‍, സ്വന്തം മണ്ണില്‍, മറ്റ് ഏഷ്യന്‍ രാജ്യങ്ങളോട് പൊരുതി നേടിയ വെങ്കലത്തിന് സ്വര്‍ണത്തെ വെല്ലുന്ന തിളക്കം തന്നെയുണ്ടായിരുന്നു.
പിന്നീട് പലകുറി, പല നാടുകളില്‍ ഏഷ്യന്‍ ഗെയിംസ് കൊടിയേറിയെങ്കിലും വനിത ഷോട്ട്‌പുട്ടിലെ മെഡല്‍ ഇന്ത്യക്ക് വിദൂരമായിരുന്നു. രണ്ടാമതൊരു മെഡല്‍ നേടാന്‍ രാജ്യത്തിന് കാത്തിരിക്കേണ്ടി വന്നത് ഏഴ് പതിറ്റാണ്ടുകളിലും ഏറെ. അതേ ഏഷ്യന്‍ ഗെയിംസ്, അതേ മത്സര ഇനം, ബാര്‍ബറ വെബ്‌സ്റ്ററിന്‍റെ പിന്‍മുറക്കാരിയായ കിരണ്‍ ബലിയാന്‍ വെങ്കലം ചൂടുമ്പോള്‍ ആദ്യത്തെ മെഡലിനോളം തന്നെ തിളക്കമുണ്ട്. വനിത ഷോട്ട്‌പുട്ടിലെ 72 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മെഡല്‍ എന്നതിനൊപ്പം ഏഷ്യന്‍ ഗെയിംസിന്‍റെ 19-ാം പതിപ്പില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ മെഡല്‍ കൂടിയാണ് ഇത് (Shot putter Kiran Baliyan wins bronze in Asian Games).
മത്സരത്തിലെ തന്‍റെ മൂന്നാം ശ്രമത്തില്‍ 17.36 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞാണ് കിരണിന്‍റെ വെങ്കല നേട്ടം. സെപ്‌റ്റംബര്‍ 10ന് ചണ്ഡീഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് 5ല്‍ 17.92 മീറ്റര്‍ എന്ന, സീസണിലെ മികച്ച പ്രകടനം കാഴ്‌ചവച്ചതിന് പിന്നാലെയാണ് കിരണ്‍ ബലിയാന്‍ ഏഷ്യന്‍ ഗെയിംസില്‍ പൊരുതാനെത്തിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കിരണ്‍ തന്‍റെ സ്‌പോട്‌സ് കരിയര്‍ ആരംഭിച്ചത്. ഒരു ജൂനിയര്‍ ടൂര്‍ണമെന്‍റില്‍, മത്സരാര്‍ഥികളുടെ പേരിനൊപ്പം അബദ്ധത്തില്‍ കിരണിന്‍റെ പേരും ചേര്‍ക്കപ്പെടുകയായിരുന്നു. അവിടെ നിന്ന് തുടങ്ങി ഒടുക്കം ചൈനയിലെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ എത്തി നില്‍ക്കുമ്പോള്‍ ചരിത്രത്തില്‍, തന്‍റെ പേരു കൂടി എഴുതി ചേര്‍ക്കുകയാണ് ഈ 24കാരി.
19.58 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ലിജിയാവോ ഗോങ് ആണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ വനിത ഷോട്ട്‌പുട്ട് ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ ലിജിയാവോയുടെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണിത്. ചൈനീസ് താരം തന്നെയായ ജിയായുവാന്‍ സോങ് ആണ് രണ്ടാം സ്ഥാനത്ത്. 18. 92 മീറ്റര്‍ ആണ് താരം എറിഞ്ഞത്.