ഹാങ്‌ചോ : അമ്പെയ്‌ത്തില്‍ സ്വര്‍ണവും 35 കി.മീ നടത്തത്തില്‍ വെങ്കലവും നേടി എഷ്യന്‍ ഗെയിംസ് മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ എക്കാലത്തെയും മികച്ച നേട്ടത്തില്‍. അമ്പെയ്‌ത്തില്‍ കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്‌ക്കായി ജ്യോതി സുരേഖ വെണ്ണം- ഓജസ് പ്രവീണ്‍ ഡിയോട്ടേല്‍ ജോഡിയാണ് സ്വര്‍ണം നേടിയത് (Asian Games 2023 India Win Gold In Archery). ഇത്തവണ എഷ്യന്‍ ഗെയിംസില്‍ അമ്പെയ്‌ത്ത് വിഭാഗത്തിലെ ആദ്യത്തെ സ്വര്‍ണനേട്ടം കൂടിയാണിത്. ദക്ഷിണ കൊറിയയുടെ സോ ചെവോന്‍- ജൂ ജെഹൂണ്‍ ജോഡിയെ 159-158 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡിയുടെ സ്വര്‍ണത്തിളക്കം.
അതേസമയം 35 കിലോമീറ്റര്‍ റേസ് വോക്ക് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെങ്കലവും നേടി. ബുധനാഴ്‌ച നടന്ന നടത്തത്തിലെ മിക്‌സഡ് വിഭാഗത്തില്‍ മഞ്‌ജു റാണി-റാം ബാബു ജോഡിയാണ് ഇന്ത്യയ്‌ക്കായി വെങ്കല മെഡല്‍ നേടിയത്. റാംബാബു നാലാം സ്ഥാനത്തും മഞ്‌ജു ആറാം സ്ഥാനത്തും എത്തിയാണ് വെങ്കലം ഉറപ്പിച്ചത്. യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയ ചൈനയ്‌ക്കും ജപ്പാനും പിന്നിലാണ് ഇരുവരും ഫിനിഷ് ചെയ്‌തത്.
മഞ്‌ജു- റാംബാബു ജോഡി നേടിയ മെഡലോടെ എഷ്യന്‍ ഗെയിംസ് മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ എക്കാലത്തെയും മികച്ച നേട്ടത്തില്‍ എത്തി. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന എഷ്യന്‍ ഗെയിംസില്‍ നേടിയ മൊത്തം 70 മെഡലുകളാണ് ഇന്ത്യ മറികടന്നത്. എഷ്യന്‍ ഗെയിംസ് 2023ല്‍ ഇതുവരെ 16 സ്വര്‍ണവും 26 വെളളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുകളാണ് ഇന്ത്യ നേടിയത്.
3 മണിക്കൂര്‍ 9 മിനിറ്റ് 3 സെക്കന്‍റ് കൊണ്ട് റാണിയും 2 മണിക്കൂര്‍ 42 മിനിറ്റ് 11 സെക്കന്‍റ് കൊണ്ട് ബാബുവും ദൂരം ഫിനിഷ് ചെയ്‌തു. 35 കി.മി ദൂരം ഇന്ത്യന്‍ ജോഡി 5 മണിക്കൂര്‍ 51 മിനിറ്റ് 14 സെക്കന്‍ഡ് കൊണ്ട് താണ്ടിയപ്പോള്‍ ജാപ്പനീസ് ജോഡിയായ ഫുചിസ് മസുമി-ഇഷിദ സുബാരു 5 മണിക്കൂര്‍ 22 മിനിറ്റ് 11 സെക്കന്‍ഡ് എടുത്തും, ചൈനീസ് ജോഡികളായ ക്വയാങ് ഷിജീ-വാങ് ക്വിന്‍ 5 മണിക്കൂര്‍ 16 മിനിറ്റ് 41 സെക്കന്‍ഡ് എടുത്തും 35 കിമി ദൂരം പിന്നിട്ടു.