ആഗ്ര : മെഹ്‌താബ് ബാഗില്‍ നിയമം ലംഘിച്ച് ഫോട്ടോ ഷൂട്ട് നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ). റെഡ് ബുള്‍ കമ്പനിയുടെ പരസ്യവുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ നിന്ന് സ്‌കൈ ഡൈവിങ് പ്രോഗ്രാമിനെത്തിയ സോള്‍ ഫ്ലൈയേഴ്‌സ് എന്ന ഏരിയല്‍ അക്രോബാറ്റിക് ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെയാണ് എഎസ്‌ഐ പരാതി നല്‍കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് സംഘം മെഹ്‌താബ് ബാഗില്‍ നിയമം ലംഘിച്ച് ഫോട്ടോ ഷൂട്ട് നടത്തിയത്.
നിലവില്‍ മെഹ്‌താബ് ബാഗില്‍ വാണിജ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ എഎസ്‌ഐയ്ക്ക് മാത്രമാണ് അവകാശമുള്ളത്. ആകാശ പ്രകടനങ്ങള്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങിയ സംഘം റെഡ് ബുള്‍ കമ്പനിയുടെ ലോഗോയുള്ള വസ്‌ത്രം ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയതാണ് പരാതി നല്‍കാന്‍ കാരണമായത്. മൂവരും വസ്‌ത്രങ്ങള്‍ തങ്ങളുടെ ബാഗില്‍ ഒളിപ്പിച്ച് വച്ചാണ് മെഹ്‌തബ് ബാഗില്‍ പ്രവേശിച്ചത്.
സംഘത്തിന്‍റെ ആകാശ പ്രകടനവും ശേഷമുള്ള ഫോട്ടോ ഷൂട്ട് ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഘത്തിനെതിരെ എഎസ്‌ഐ കേസെടുക്കാനൊരുങ്ങുന്നത്. മൂവരുടെയും പ്രകടനങ്ങള്‍ കാണാന്‍ നിരവധി പേരെത്തിയിരുന്നു. മെഹ്‌താബ് ബാഗില്‍ ഇത്തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്താന്‍ ആര്‍ക്കും അനുമതിയില്ലെന്നും സംഘത്തിന്‍റെ പ്രകടനങ്ങള്‍ താജ്‌മഹല്‍ ജീവനക്കാരെ അലോസരപ്പെടുത്തിയെന്നും എഎസ്‌ഐ സുപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് രാജ്‌കുമാര്‍ പാട്ടീല്‍ പറഞ്ഞു.
അതേസമയം ആദ്യമായിട്ടാണ് ഇത്തരമൊരു പ്രകടനം നടത്തുന്നതെന്നും ഇത് തങ്ങള്‍ക്കൊരു മികച്ച അനുഭവമായെന്നും സോള്‍ ഫ്ലൈയേഴ്‌സ് സംഘത്തിലെ ഫ്രെഡറിക് പറഞ്ഞു.
മെഹ്‌താബ് ബാഗ് അഥവ മൂണ്‍ലൈറ്റ് ഗാര്‍ഡന്‍ : ആഗ്രയില്‍ സ്ഥിതി ചെയ്യുന്ന ഒരു 'ചാര്‍ബാഗ്' സമുച്ചയമാണ് മെഹ്‌താബ് ബാഗ്. യമുന നദിയുടെ മറുകരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. താജ്‌മഹലിന്‍റെയും ആഗ്ര കോട്ടയുടെയും എതിര്‍വശങ്ങളില്‍ യമുന നദിക്കടുത്തുള്ള 11 മുഗള്‍ നിര്‍മിത പൂന്തോട്ടങ്ങളില്‍ അവസാനത്തേതാണിത്. മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ നിര്‍മിച്ചതാണ് മെഹ്‌താബ് ബാഗ്.