മഹാസമുന്ദ് (ഛത്തീസ്‌ഗഡ്) : പെണ്‍കുട്ടിയുടെ വായില്‍ കത്തുന്ന വിറക് തിരുകി കയറ്റി മര്‍ദിച്ച മൂന്ന് ആശ്രമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഛത്തീസ്‌ഗഡിലെ മഹാസമുന്ദ് ജില്ലയില്‍ ഫെബ്രുവരി 24നായിരുന്നു സംഭവം. ആശ്രമത്തിന്‍റെ നടത്തിപ്പുകാരനും പ്രധാന ഗുരുവും ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്.
13 വയസുകാരിക്കാണ് മര്‍ദനമേറ്റത്. വിറക് വായില്‍ തിരുകി കയറ്റിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാഗ്‌ബഹ്‌റ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പത്തേരപാലി ഗ്രാമത്തിലെ ജയ് ഗുരുദേവ് മാനസ് ആശ്രമത്തിലാണ് സംഭവം നടന്നത്.
മര്‍ദനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിപ്പുകാരനും ഗുരുവും ഉള്‍പ്പടെ മൂന്ന് ആശ്രമ പ്രവര്‍ത്തകരെ വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തതായി സബ് ഡിവിഷണൽ ഓഫിസർ ഓഫ് പൊലീസ് (എസ്‌ഡിഒപി) അജയ് ശങ്കർ ത്രിപാഠി പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്‍ ഫെബ്രുവരി 28ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആശ്രമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തത്.
സംഭവം ഇങ്ങനെ : റായ്‌പൂര്‍ ജില്ലയിലെ അഭാന്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് ആശ്രമത്തില്‍ എത്തിയത്. സഹോദരനാണ് കുട്ടിയെ ആശ്രമത്തിലേക്ക് കൊണ്ടുവന്നത്. പെണ്‍കുട്ടിയുടെ ദേഹത്ത് ഭൂതം കയറിയതാണെന്നും ദിവസങ്ങള്‍ നീണ്ട ചികിത്സ വേണമെന്നും ആശ്രമ പ്രവര്‍ത്തകര്‍ കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു.
കുട്ടിയെ ചികിത്സയ്‌ക്കായി ആശ്രമത്തില്‍ നിര്‍ത്തി സഹോദരന്‍ വീട്ടിലേക്ക് മടങ്ങി. ആശ്രമത്തില്‍ 'ഭോഗ്' (വിവാഹം, വാര്‍ഷികം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വിളമ്പുന്ന ഭക്ഷണം) വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ആശ്രമത്തിന്‍റെ നടത്തിപ്പുകാരനും ഗുരുവും മറ്റൊരു പ്രവര്‍ത്തകനും ചേര്‍ന്ന് അടുപ്പില്‍ കത്തിക്കൊണ്ടിരുന്ന വിറക് എടുത്ത് പെണ്‍കുട്ടിയുടെ വായില്‍ തിരുകി കയറ്റുകയായിരുന്നു. തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്‌തു.
കത്തിക്കൊണ്ടിരുന്ന വിറകായതിനാല്‍ പെണ്‍കുട്ടിയുടെ വായില്‍ സാരമായ പൊള്ളല്‍ ഏറ്റിട്ടുണ്ട്. മര്‍ദന വിവരം പുറത്ത് പറഞ്ഞാല്‍ അപകടപ്പെടുത്തുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. സംഭവം പുറത്ത് പറയുകയോ പൊലീസില്‍ പരാതിപ്പെടുകയോ ചെയ്യാതിരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെയും ആശ്രമ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
തന്‍റെ സഹോദരിക്ക് ആശ്രമത്തില്‍ നിന്ന് നേരിടേണ്ടി വന്ന മര്‍ദനത്തില്‍ നീതി തേടിയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഭോഗില്‍ വിഷം ചേര്‍ത്തു എന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത് എന്നും വിവരം പുറത്തറിയുകയോ പൊലീസില്‍ പരാതിപ്പെടുകയോ ചെയ്യാതിരിക്കാന്‍ ആശ്രമ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസിനോടും മാധ്യമ പ്രവര്‍ത്തകരോടും വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307 (കൊലപാതകശ്രമം), 294 (അശ്ലീല പ്രവര്‍ത്തികള്‍), 506 (ഭീഷണിപ്പെടുത്തൽ), 34 (പൊതു ഉദ്ദേശ്യം) 201(തെളിവ് നശിപ്പിക്കൽ) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പെണ്‍കുട്ടിയെ മര്‍ദിച്ച ആശ്രമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തത്.
സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയില്‍ : ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ബാഗ്‌ബഹ്‌റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് റായ്‌പൂര്‍ അരംഗിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ശരീരത്തില്‍ ഭൂതവും ആത്‌മാവും കയറിയിട്ടുണ്ടെന്ന് വിശ്വസിച്ച് ആശ്രമത്തില്‍ നിരവധി പേര്‍ ചികിത്സ തേടി എത്തിയതായി പൊലീസ് കണ്ടെത്തി.
വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇത്തരം ആശ്രമങ്ങള്‍ പരിശോധിക്കാന്‍ എസ്‌പി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ജയ് ഗുരുദേവ് മാനസ് ആശ്രമത്തെ കുറിച്ചും അതിന്‍റെ നിയന്ത്രണത്തിലുള്ള ഭൂമിയെ കുറിച്ചും ക്രയവിക്രയങ്ങളെ കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.