പഞ്ചാബ്: പരുക്കനും കര്‍ശനവുമായ നിലപാടുകളിലൂടെയും പെരുമാറ്റത്തിലൂടെയും പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് പഞ്ചാബ് പൊലീസ്. എന്നാല്‍ ആ പരുക്കന്‍ കാക്കിക്കുള്ളിലും കലാ ഹൃദയങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് പഞ്ചാബ് പൊലീസ് തെളിയിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു കലാകാരനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ചിത്രകാരനായ പൊലീസ് കോൺസ്റ്റബിള്‍. ജലന്ധറിൽ ജോലി ചെയ്യുന്ന സീനിയര്‍ കോണ്‍സ്റ്റബിളായ അശോക് കുമാർ.
മൂന്ന് തവണ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ അശോകിന്‍റെ കലാ സൃഷ്ടികൾ ഏവരേയും അതിശയിപ്പിക്കുന്നതാണ്. ചിത്രകലയോടുള്ള അദ്ദേഹത്തിന്‍റെ പ്രണയവും ആത്മാര്‍പ്പണവും തന്നെയാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്ക് മികവുറ്റ അംഗീകാരങ്ങൾ നേടിക്കൊടുത്തത്. ചണ്ഡീഗഡിലെ പ്രസിദ്ധമായ സുഖ്‌ന തടാകത്തിനരികില്‍ ആളുകളുടെ രേഖാ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് അശോക് തന്‍റെ കലാ ജീവിതം ആരംഭിക്കുന്നത്. പഞ്ചാബ് പൊലീസില്‍ നിയമനം ലഭിച്ച ശേഷവും അശോക് തന്‍റെ ചിത്രകല തുടര്‍ന്നു.
സ്‌കൂൾ കാലഘട്ടം മുതല്‍ അശോക് കുമാര്‍ ചിത്രങ്ങൾ വരക്കുമായിരുന്നു. ചിത്ര രചനയിലുള്ള മികവ് കൂടി വന്നതനുസരിച്ച് അശോകിന് പുരസ്‌കാരങ്ങളും ലഭിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ ചിത്ര രചനയിൽ നിന്ന് അശോക് കുമാറിന്റെ സൃഷ്ടികൾക്ക് എന്തു വ്യത്യാസമാണുള്ളത്? നമുക്ക് അദ്ദേഹത്തില്‍ നിന്നു തന്നെ അറിയാം. അശോകിന്‍റെ പെയിന്റിങ്ങുകളില്‍ കറുപ്പും വെളുപ്പും നിറങ്ങള്‍ മാത്രമേ കാണാനാകൂ. അതിനൊരു കാരണവുമുണ്ട് അദ്ദേഹത്തിന്. അശോക് കുമാർ ഗുരുനാനാക്ക് ദേവിന്റെ 550-ാം ജന്മവാര്‍ഷികത്തിന് ഒരു പെയിന്റിങ്ങ് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. അതിന് അദ്ദേഹത്തിന് ഏറെ പുരസ്‌കാരങ്ങളും ലഭിച്ചിരിന്നു.
തന്‍റെ പൊലീസ് ജീവിതത്തിനിടയിലും അശോക് കുമാര്‍ ചിത്രകലയെ സ്നേഹിക്കുകയും അതിലൂടെ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിത്രകലയില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണമെന്നും ഏറെ മെച്ചപ്പെടണമെന്നും അശോക് കുമാർ ആഗ്രഹിക്കുന്നു. ആഗോള തലത്തില്‍ തന്നെ ചിത്രകലയില്‍ ശ്രദ്ധേയനായവുക എന്നതാണ് അശോകിന്‍റെ ലക്ഷ്യം. അശോകിന്‍റെ ആഗ്രഹം സഫലമാകട്ടെ.