ഹൈദരാബാദ്: ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പ്രസ്‌താവനക്കെതിരെ ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നില്ല. മുസ്‌ലിങ്ങളാണ് കൂടുതല്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതെന്നും ഒവൈസി പറഞ്ഞു.
''മുസ്‌ലിങ്ങള്‍ക്കിടയിലും കുട്ടികള്‍ തമ്മിലുള്ള ഇടവേള വര്‍ധിച്ചുവരുന്നുണ്ട്. ഞങ്ങളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പറയാന്‍ മോഹന്‍ ഭാഗവത് തയ്യാറാവില്ല'', ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ ഇന്ന് (ഒക്‌ടോബര്‍ 9) നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മതാടിസ്ഥാനത്തില്‍ ജനസംഖ്യ അസമത്വം വര്‍ധിക്കുകയാണ്. ജനസംഖ്യ നിയന്ത്രണത്തിന് നിയമം വേണമെന്നുമായിരുന്നു വിജയദശമി ദിനത്തില്‍ ആര്‍എസ്‌എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞത്.