ലക്‌നൗ: താജ് മഹല്‍ ഉള്‍പ്പെടെ ആഗ്രയിലെ ചരിത്ര സ്‌മാരകങ്ങള്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കും. കൊവിഡ് വ്യാപനത്തില്‍ ശമനമുണ്ടായതിനെ തുടര്‍ന്നാണ് ആഭ്യന്തര സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ജില്ല ഭരണകൂടം ഒരുങ്ങുന്നത്. കൊവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രിലിലാണ് താജ് മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്‌മാരകങ്ങള്‍ അടച്ചത്.
ജൂൺ 16 മുതൽ താജ് മഹലും മറ്റ് സ്‌മാരകങ്ങളും വീണ്ടും തുറക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഒരേ സമയം 650 ല്‍ കൂടുതല്‍ പേരെ സ്‌മാരകത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അഞ്ച് ടിക്കറ്റുകല്‍ വരെ ബുക്ക് ചെയ്യാമെന്ന് ആഗ്ര ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് അറിയിച്ചു.
Also read: കൊവിഡ് കുറയുന്നു, അനന്ത്നാഗിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണർവിലേക്ക്
കഴിഞ്ഞ വര്‍ഷം ലോക്ക്‌ഡൗണിനെ തുടര്‍ന്ന് അടച്ച താജ് മഹല്‍ കഴിഞ്ഞ സെപ്‌റ്റംബറിലാണ് വീണ്ടും തുറന്നത്. രണ്ടാം തരംഗം രൂക്ഷമായതോടെ വീണ്ടും അടച്ചിടാന്‍ ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 70 ലക്ഷം സഞ്ചാരികളാണ് ഒരു വര്‍ഷം താജ്‌മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നതെന്നാണ് കണക്ക്.
രാജ്യത്തുടനീളം 3,693 സ്‌മാരകങ്ങളും 50 മ്യൂസിയങ്ങളും തുറക്കുമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സന്ദര്‍ശകര്‍ക്ക് നിര്‍ദേശമുണ്ട്.