മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായി ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ ജയിൽ പരിതസ്ഥിതിയുമായി പൊരുത്തപ്പെട്ടുവരുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജയിൽ വളപ്പിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ആരതി നടത്തിയതായും ജയിൽ അധികൃതരോട് മതഗ്രന്ഥങ്ങൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ALSO READ: സീല്‍വച്ച കവറില്‍ രേഖകള്‍ എന്‍സിബിക്ക് കൈമാറി ഷാരൂഖിന്‍റെ സുരക്ഷാജീവനക്കാരന്‍
ജയിൽ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് അധികൃതർ എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞ നാല് ദിവസമായി ജയിൽ ഭക്ഷണം കഴിക്കുന്നതിനോ കുളിക്കുന്നതിനോ ആര്യൻ വിസമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജയിലിലെ മറ്റ് തടവുകാരുമായി സംസാരിക്കാനും ഉദ്യോഗസ്ഥരുമായി ഇടപഴകാനും തുടങ്ങിയതായാണ് റിപ്പോർട്ട്. അതേസമയം ആര്യന് വേണ്ടുന്ന ബെഡ് ഷീറ്റുകളും വസ്ത്രങ്ങളും സ്വന്തം വസതിയിൽ നിന്ന് എത്തിച്ചുനൽകിയിരുന്നു.
ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ ഒക്‌ടോബർ രണ്ടിന് നടന്ന വിരുന്നില്‍ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. തുടർന്ന് ഒക്ടോബർ മൂന്നിനായിരുന്നു ആര്യന്‍റെ അറസ്റ്റ്. കേസിൽ ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞ 19 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് താരപുത്രൻ. ഒക്ടോബർ 26ന് ആര്യന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.