ന്യൂഡല്‍ഹി : മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാനടക്കം ഏഴു പേരെ 14 ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്. എസ്പ്ലനേഡ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആര്യന്‍ ഖാന്‍ വെള്ളിയാഴ്‌ച ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ഒക്ടോബർ 11 വരെ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം കോടതി തള്ളി. കൊവിഡ് മാനദണ്ഡങ്ങല്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ ആറ് മണിക്ക് ശേഷം ജയില്‍ അധികൃതര്‍ സ്വീകരിക്കില്ല. അതിനാലാണ് ജയില്‍ മാറ്റം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
More Read: ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍
ഒക്ടോബര്‍ മൂന്നിനാണ് എൻസിബി ഖാനെ അറസ്റ്റ് ചെയ്യുന്നത്. ഗോവയിലേക്ക് പോവുകയായിരുന്ന കോർഡൽ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍.സി.ബി സംഘം ലഹരിമരുന്ന് കണ്ടെടുത്തത്.
കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി തുടങ്ങി നിരോധിത ലഹരി മരുന്നുകളാണ് കണ്ടെടുത്തത്. കപ്പലിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലരുടെ ലഗേജുകളും എന്‍.സി.ബി പിടിച്ചെടുത്തിരുന്നു.