ന്യൂഡൽഹി: റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്‌തതായി ഇസ്രയേൽ എംബസി അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇടുക്കി സ്വദേശി സൗമ്യ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിനോട് ചേർന്ന അഷ്‌കലോണിൽ സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിക്കുകയായിരുന്നു.
Read More:ഷെല്ലാക്രമണം; ഇസ്രയേലിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു
സൗമ്യയുടെ കുടുംബവുമായി ബന്ധപ്പെട്ടതായി ഇസ്രയേൽ ഡെപ്യൂട്ടി പ്രതിനിധി റോണി യെദിദിയ ക്ലിൻ. ആക്രമണം ഉണ്ടാവുമ്പോൾ സൗമ്യ ഭർത്താവുമായി സംസാരിക്കുകയായിരുന്നു. സൗമ്യയുടെ ഭർത്താവിനെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം എത്രമാത്രം ഭയാനകമാണെന്ന് ഊഹിക്കാനാകും. ഞങ്ങൾ സൗമ്യയുടെ കുടുംബവുമായും ടെൽ അവീവിലെ എംബസിയുമായും ബന്ധപ്പെട്ടിരിക്കുന്നു. സൗമ്യയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായും യെദിദിയ ക്ലിൻ അറിയിച്ചു.
കഴിഞ്ഞ ഏഴുവർഷമായി ഇസ്രയേലിൽ ജോലിചെയ്തു വരുകയായിരുന്നു സൗമ്യ. ഭർത്താവും ഏഴുവയസുള്ള മകനും അടങ്ങുന്നതാണ് സൗമ്യയുടെ കുടുംബം. കഴിഞ്ഞ ദിവസം സൗമ്യയുടെ കുടുംബവുമായി സംസാരിച്ച ഇസ്രയേൽ നയതന്ത്ര പ്രതിനിധി റോണ്‍ മൽക ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.