ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ 70 ശതമാനവും എട്ട് സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്‌ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ചത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത്. നിലവില്‍ രാജ്യത്ത് 4,55,555 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ കൊവിഡ് രോഗികളെ അപേക്ഷിച്ച് 4.89 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ രോഗികളുള്ള മഹാരാഷ്‌ട്രയില്‍ 87,014 പേരും കേരളത്തില്‍ 64,615 പേരുമാണ് ചികില്‍സയിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 38,734 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 43,082 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 76.93 ശതമാനം രോഗികളുള്ളത് 10 സ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടിയാണ്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം 6406 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 5475 കേസുകളും സ്ഥിരീകരിച്ചു. 10 സ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് രോഗവിമുക്തി നേടിയ 78,15 ശതമാനം ആളുകള്‍. കേരളത്തില്‍ കഴിഞ്ഞ ദിവസം 5970 പേരാണ് രോഗവിമുക്തി നേടിയത്. ഡല്‍ഹിയില്‍ 4937 പേരും, മഹാരാഷ്‌ട്രയില്‍ 4815 പേരും രോഗവിമുക്തി നേടി. മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് 83.80 ശതമാനം കൊവിഡ് മരണങ്ങളും.