റാഞ്ചി(ജാര്‍ഖണ്ഡ്): ദീപാവലി ദിനത്തിൽ പടക്കങ്ങൾ വാങ്ങിയതിന് ശേഷം ജിഎസ്‌ടി ബില്ല് ആവശ്യപ്പെട്ട സൈനിക ഉദ്യോഗസ്ഥനും മകനും മര്‍ദനം. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. ഇരുമ്പ് ദണ്ഡ് കൊണ്ട് ഇരുവരെയും ക്രൂരമായി മർദിച്ചെന്നാണ് പരാതി.
റാഞ്ചിയിലെ ഗോണ്ട പൊലീസ് സ്റ്റേഷനില്‍ സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ സിങ്ങിന്‍റെ മകന്‍ ഇഷാന്‍ സിങ് പരാതി നല്‍കി. കടയുടമ വിമല്‍ സിംഘാനിയുടെ നിര്‍ദേശ പ്രകാരം 15ലധികം ആളുകള്‍ തന്നെയും പിതാവിനേയും മര്‍ദിച്ചെന്നാണ് ഇഷാന്‍ സിങ് പരാതിയില്‍ പറയുന്നത്.
ജിഎസ്‌ടി ബില്ല് ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ഉപഭോക്താക്കൾക്ക് ജിഎസ്ടി ബില്ലൊന്നും നൽകാറില്ലെന്നാണ് കടയുടമ പറഞ്ഞത്. ജിഎസ്‌ടി ബില്ല് ലഭിക്കാതെ തങ്ങള്‍ പോകില്ലെന്ന് പറഞ്ഞപ്പോഴാണ് മര്‍ദനം ഉണ്ടായത് എന്നും പരാതിയില്‍ പറയുന്നു.
അതേസമയം കടയിലെ ജീവനക്കാരിലൊരാളായ രാജു മുണ്ട തനിക്കും മകനുമെതിരെ കൊടുത്ത എസ്‌സി-എസ്‌ടി കേസ് വ്യാജമാണെന്ന് കേണൽ സിങ് പറഞ്ഞു. കടയുടമയുടെ സഹോദരൻ കമൽ സിംഘാനിയ കേസ് പിന്‍വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. ഇതിനായി അദ്ദേഹം സംഭവത്തില്‍ മാപ്പ് പറയുകയും തന്‍റെ വീട്ടിലേക്ക് മധുരപലഹാരങ്ങളും പടക്കങ്ങളും കൊടുത്തുവിട്ടെന്നും കേണല്‍ പറഞ്ഞു.
ഇത് മറ്റാർക്കും സംഭവിക്കാതിരിക്കാൻ കടയുടമയ്‌ക്കെതിരെ നിയമപോരാട്ടം നടത്തും. പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. കേസിന്‍റെ വിശദാംശങ്ങൾ ജാർഖണ്ഡ് ഗവർണർ രമേഷ് ബെയ്‌സിനോടും തങ്ങള്‍ വെളിപ്പെടുത്തുമെന്നും കേണൽ പറഞ്ഞു.
കടയിലെ ജീവനക്കാരനായ രാജേന്ദ്ര മുണ്ടയുടെ പരാതിയിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേണൽ പടക്കങ്ങളുടെ ബില്ലില്‍ കിഴിവ് ആവശ്യപ്പെട്ടെന്നും കിഴിവ് നല്‍കാതെ വന്നപ്പോള്‍ അദ്ദേഹവും മകനും മോശമായി പെരുമാറി എന്നുമാണ് രാജേന്ദ്രയുടെ പരാതിയില്‍ പറയുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.