ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അക്രമികള്‍ക്ക് ആയുധം വിതരണം ചെയ്യുന്നയാളെ ഏറ്റുമുട്ടിലിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ എന്ന് വിളിക്കുന്ന രാജനെയാണ്(38) ഡല്‍ഹി പൊലീസ് കീഴടക്കിയത്. ഹനുമാന്‍ ജയന്തി റാലിയെ ആക്രമിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ജഹാംഗീര്‍ പൂരി.
പിടിയിലായ രാഹുല്‍ എഴുപതോളം കേസുകളില്‍ പ്രതിയാണ്. ജഹാംഗീര്‍ പൂരിയില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്ക് ഇയാള്‍ ആയുധം വിതരണം ചെയ്തിട്ടുണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ചില ക്രിമിനല്‍ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ രാഹുല്‍ വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കായി വല വിരിക്കുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ടപ്പോള്‍ രാഹുല്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം തിരിച്ച് വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രാഹുലിന്‍റെ വലതുകാലിന് വെടിയേറ്റിട്ടുണ്ട്. ഇതിന് മുമ്പും രാഹുല്‍ പൊലീസുമായി ഏറ്റുമുട്ടിയിട്ടുണ്ട്.