ന്യൂഡൽഹി: പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഹൈക്കമാൻഡ് ശ്രമം തുടരുന്നു. ഇതിനായി പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ച മൂന്നംഗ സമിതിക്ക് മുന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഇന്ന് ഹാജരാകുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. അതേസമയം സിദ്ദു ചൊവ്വാഴ്ച പാനലിന് മുന്നിൽ ഹാജരാകുകയും അദ്ദേഹത്തിന്റെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. നേതൃത്വം ആവശ്യപ്പെട്ട പ്രകാരം നേതാക്കളെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചതായി സിദ്ദു വ്യക്തമാക്കി. ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പാർട്ടി പ്രവർത്തകരുടെ വികാരം നേതൃത്വത്തെ അറിയിച്ചു. തന്റെ നിലപാടിൽ മാറ്റമില്ല. കാര്യം നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സത്യത്തെ മൂടിവക്കാം. പക്ഷേ, പരാജയപ്പെടുത്താനാവില്ലെന്നും സിദ്ദു പറഞ്ഞു.
Read Also………പഞ്ചാബ് പാര്‍ട്ടി തര്‍ക്കം പരിഹരിക്കാൻ യോഗം വിളിക്കണമെന്ന് ഹൈക്കമാൻഡ്
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന്‍ ഖാര്‍ഗെ, പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, ജെ.പി. അഗര്‍വാൾ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് പഞ്ചാബിലെ തര്‍ക്ക പരിഹാരത്തിനായി നിയോഗിച്ചത്. ഇവർ സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും ഒറ്റക്ക് കൂടിക്കാഴ്ച തുടരുകയാണ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ വിമത പക്ഷത്തുള്ള പ്രധാന എതിരാളിയാണ് സിദ്ദു. സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച തന്നെ തഴഞ്ഞത് അമരീന്ദര്‍ സിങാണെന്നാണ് സിദ്ദു കരുതുന്നത്.
മന്ത്രിസ്ഥാനം നല്‍കിയെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. ട്വിറ്ററിലൂടെ അമരീന്ദറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സിദ്ദു വിമർശനങ്ങള്‍ അഴിച്ചുവിടുന്നത് പതിവായിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം തനിക്കെതിരെ അടുത്തിടെ രൂക്ഷ വിമര്‍ശനം നടത്തിയ സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകാനിരിക്കുന്നുവെന്നാണ് അമരീന്ദര്‍ പ്രതികരിച്ചത്. ഇത് സിദ്ദുവിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളിൽതന്നെ സിദ്ദുവിനെതിരെ വിയോജിപ്പുണ്ട്. അതേസമയം, സിദ്ദു പാര്‍ട്ടി വിടുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തൽ. അതിനാലാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം കേട്ട് തുടർനടപടി തീരുമാനിക്കാൻ നേതൃത്വം തീരുമാനിച്ചത്.