ബെംഗളൂരു: പണപ്പെരുപ്പ വിഷയത്തിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവകാശമില്ലെന്ന പ്രസ്‌താവനയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് അവസാനമായി ഗ്യാസ് സിലിണ്ടർ ഒന്ന് നോക്കണമെന്ന് ഭരണപക്ഷത്തിന് മറുപടി നൽകി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. കർണാടകയിൽ പോളിംഗ് കനക്കവെ വാദ പ്രതിവാദങ്ങളുമായി തെരഞ്ഞെടുപ്പ് ചൂടിലാണ് ഭരണ - പ്രതിപക്ഷം.
'ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു, ദയവായി ഞങ്ങളുടെ ഗ്യാസ് സിലിണ്ടറുകൾ നന്നായി പരിശോധിച്ച് വോട്ട് ചെയ്യുക. ബൂത്തിന് പുറത്ത് ഗ്യാസ് സിലിണ്ടർ വയ്‌ക്കാനും അതിൽ മാലയിടാനും ഞാൻ എന്‍റെ എല്ലാ നേതാക്കളോടും ഉപദേശിച്ചിട്ടുണ്ട്. ഇന്ന് യുവ വോട്ടർമാർക്ക് മികച്ച അവസരമുണ്ട്. അവർ ഒരു മാറ്റത്തിനായി വോട്ട് ചെയ്യും', കനകപുരയിലെ പഴയ പാർട്ടിയുടെ സ്ഥാനാർഥിയായ ശിവകുമാർ വോട്ടർമാരോട് അഭ്യർഥിച്ചു. ശിവകുമാർ രാമനഗരയിലെ കനകപുരയിലെ ശ്രീ കെങ്കേരമ്മ ക്ഷേത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രാർഥന നടത്തുകയും ചെയ്‌തിരുന്നു.
'സംസ്ഥാനത്തെ വിലക്കയറ്റത്തെയും അഴിമതിയേയും കുറിച്ച് ജനങ്ങൾക്ക് അറിയാം. അവർ ഒരു മാറ്റത്തിന് തയ്യാറാകുമെന്നും ഞങ്ങൾക്ക് 141 സീറ്റുകൾ നൽകുമെന്നും എനിക്ക് ഉറപ്പുണ്ട്. കോൺഗ്രസ് പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. കോൺഗ്രസിന് വിജയം ഉറപ്പാണെന്ന് എനിക്ക് 200 ശതമാനം ആത്മവിശ്വാസമുണ്ട്', മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
'വിലക്കയറ്റത്തിൽ പൊതുജനത്തിന് മേൽ ഭാരമുണ്ടെങ്കിലും പ്രതിപക്ഷത്തിന് അതിനെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല, അവർ അവരുടെ ഭരണകാലത്ത് എങ്ങനെ ആയിരുന്നു എന്ന് നോക്കണം', കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നിർമല.
കർണാടകയിൽ പോളിങ് മന്ദഗതിയിൽ: കർണാടകയിൽ സംസ്ഥാനത്തുടനീളമുള്ള 224 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്‌ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികളായ ബിജെപി, കോൺഗ്രസ്, ജെഡി (എസ്) എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് തുടരും. രാവിലെ 11.30 ന് അവസാന വിവരം ലഭിക്കുന്നത് വരെ കർണാടകയിലുടനീളം 20.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 224 മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന മണ്ഡലമായ കാർക്കൽ അസംബ്ലി മണ്ഡലം 33 ശതമാനവും സിവി രാമൻ നഗറിൽ 11.62 ശതമാനവും ഏറ്റവും കുറഞ്ഞ പോളിംഗുമാണ് രേഖപ്പെടുത്തിയത്.