പാട്‌ന : ലോകത്ത് തേനീച്ചകൾ ഇല്ലാതായാൽ 4 വർഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും എന്നാണ് ലോകപ്രശസ്‌ത ശാസ്‌ത്രഞ്ജൻ ആൽബർട്ട് ഐൻസ്റ്റീൻ പ്രവചിച്ചത്. ലോകത്ത് ചെടികളിൽ നടക്കുന്ന 80% പരാഗണവും തേനീച്ചകൾ വഴിയാണെന്നതാണ് ഇതിന് കാരണം. മനുഷ്യന്‍റെ സുഹൃത്തായാണ് തേനീച്ചകളെ പൊതുവെ കണക്കാക്കുന്നത്. എന്നാൽ കുത്തേൽക്കുമെന്ന പേടികാരണം തേനീച്ചയെ ശത്രുവായി കാണുന്നവരുണ്ട്.
എന്നാൽ തേനീച്ചയുടെ കുത്ത് പല മാറാരോഗങ്ങൾക്കുമുള്ള പ്രതിവിധിയാണെങ്കിലോ ? കേൾക്കുമ്പോൾ അൽപ്പം വിചിത്രമായി തോന്നും. എന്നാല്‍ സംഗതി ഇങ്ങനെ. ബിഹാറിലെ പട്‌ന സ്വദേശി നിശാന്ത് തേനീച്ച കുത്തൽ ഒരു ബിസിനസ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്. സന്ധിവാതം ഉൾപ്പടെയുള്ള രോഗങ്ങൾ സുഖപ്പെടുത്തുന്നതിന്, കുത്തുമ്പോള്‍ തേനീച്ചയില്‍ നിന്ന് ശരീരത്തില്‍ കയറുന്ന കൊമ്പ് ഫലപ്രദമാണെന്നാണ് നിശാന്ത് പറയുന്നത്. കൂടാതെ പലവിധ ത്വക്ക് രോഗങ്ങൾക്കും ഇത് മികച്ച മരുന്നാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.
പുതിയ ചികിത്സയല്ല : എപ്പിതെറാപ്പി എന്ന ഈ ചികിത്സാരീതിയെക്കുറിച്ച് കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഇത് പുതിയൊരു കാര്യമല്ല എന്നാണ് നിശാന്ത് പറയുന്നത്. ആയുർവേദത്തിൽ ഇത് പരാമർശിക്കപ്പെടുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ ഈ ചികിത്സാരീതിക്ക് വേണ്ട രീതിയിൽ പ്രചാരം ലഭിച്ചിട്ടില്ല. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഇത് വ്യാപകമാണെന്നും നിശാന്ത് വാദിക്കുന്നു.
കൊമ്പിന് വില കോടികൾ : കുത്തുമ്പോൾ തേനീച്ചയുടെ കൊമ്പിൽ നിന്ന് വരുന്ന വിഷത്തിന് വിപണിയിൽ വലിയ വിലയാണ്. ഒരു ഗ്രാമിന് 8000 മുതൽ 12000 രൂപവരെ നല്‍കണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു കിലോയോളം വെനം വിൽപ്പന നടത്തി 1.20 കോടി രൂപയോളമാണ് സമ്പാദിച്ചത് - നിശാന്ത് പറഞ്ഞു.
കൊമ്പെടുക്കുന്ന രീതി : തേനീച്ചകളുടെ കൊമ്പ് നീക്കം ചെയ്യാൻ പ്രത്യേക യന്ത്രം ആവശ്യമാണ്. ജർമനിയിൽ നിന്ന് എത്തിച്ച 10 യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിശാന്ത് കൊമ്പുകൾ നീക്കം ചെയ്യുന്നത്. തേനീച്ചകളുടെ കൂടിന് മുകളിലായാണ് ഈ യന്ത്രം ഘടിപ്പിക്കുന്നത്. തേനീച്ച യന്ത്രത്തിൽ വന്നിരിക്കുമ്പോൾ ഇതിൽ നിന്ന് 12 വോൾട്ട് വരെ വൈദ്യുതി പുറപ്പെടുവിക്കുന്നു. ഷോക്കേൽക്കുന്ന തേനീച്ച ദേഷ്യത്തിൽ യന്ത്രത്തിൽ കുത്തുന്നു. ഇങ്ങനെയാണ് വെനം വേർതിരിച്ചെടുക്കുന്നത്.
തേനീച്ചകളിൽ നിന്ന് പൂമ്പൊടി, പാരപോളിസ്, റോയൽ ജെല്ലി, മെഴുക് എന്നിവയും നിശാന്ത് വേര്‍തിരിച്ച് ശേഖരിക്കുന്നുണ്ട്. തേനീച്ചയിൽ നിന്നെടുക്കുന്ന മെഴുക് ഉപയോഗിച്ച് ഉണ്ടാക്കുന്ന തിരികൾക്ക് ജർമ്മനിയിൽ ആവശ്യക്കരേറെയാണെന്നും നിശാന്ത് പറയുന്നു. ഇവ പൂർണമായും ജൈവമായതിനാല്‍ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്നില്ല. കൂടാതെ സാധാരണ മെഴുകുതിരിയേക്കാൾ ആറിരട്ടി നേരം ഇത് കത്തുകയും ചെയ്യും.
സന്ധിവാതത്തിന് ഫലപ്രദം : തേനീച്ചയുടെ വെനത്തിൽ അപിറ്റോക്സിൻ എന്ന പദാർഥം ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് ആർത്രൈറ്റിസ് ചികിത്സയ്‌ക്ക് ഏറെ ഫലപ്രദമാണെന്നും ഡോക്‌ടർ ഡോ ധർമ്മേന്ദ്ര കുമാർ പറയുന്നു. ത്വക്ക് രോഗങ്ങൾ, സന്ധിവേദന എന്നിവ ഇല്ലാതാക്കാനും അപിറ്റോക്സിൻ ഉപയോഗിക്കുന്നുണ്ട്.
സന്ധിവാതം പോലുള്ള രോഗങ്ങൾക്ക് ഫലപ്രദമായതിനാൽ തന്നെ ഭാവിയിൽ തേനീച്ചയുടെ വെനം ഉപയോഗിച്ചുള്ള ചികിത്സാരീതി നമ്മുടെ നാട്ടിലും വലിയ തോതിലുള്ള പ്രചാരം നേടുമെന്നുറപ്പാണെന്നും ധർമേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.