ചെന്നൈ: തമിഴ്‌നാടിലെ വണ്ടലൂരിലെ സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച ഒരു സിംഹം കൂടി മരണത്തിന് കീഴടങ്ങി. 12 വയസുള്ള പത്മാനഭൻ എന്ന സിംഹമാണ് ബുധനാഴ്‌ച രാവിലെ ചത്തത്. ജൂൺ 3ന് നടത്തിയ പരിശോധനയിൽ പത്ഭനാഥൻ ഉൾപ്പെടെയുള്ള ഒമ്പത് സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
അന്നുമുതൽ ഇവയെ തീവ്രപരിചരണത്തിലാണ് സംരക്ഷിച്ചിരുന്നത്. എന്നാൽ നീല എന്ന് പേരുള്ള ഒമ്പതു വയസ് പ്രായമുള്ള പെൺസിംഹം ജൂലൈ ഏഴിന് ചത്തിരുന്നു. പരിചരണത്തിലുള്ള മറ്റ് സിംഹങ്ങൾ ചികിത്സയോട് വളരെ സാവധാനത്തിലാണ് പ്രതികരിക്കുന്നതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
READ MORE: ചെന്നൈയിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ച് സിംഹം ചത്തു
വണ്ടലൂരിലെ 602 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക്, കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്നു. സമ്പർക്കം ഒഴിവാക്കുന്നതിന് മൃഗശാലയിലെ മുഴുവൻ മൃഗങ്ങളെയും വെവ്വേറെ ഇടങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്.
മൃഗശാല ജീവനക്കാർക്ക് പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിക്കൊണ്ട് കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരെല്ലാം പിപിഇ കിറ്റ് ധരിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.