ദന്തേവാഡ (ഛത്തീസ്‌ഗഡ്): ബിജെപി നേതാവ് നാരായണ്‍ സാഹുവിന്‍റെ കൊലയ്‌ക്ക് പിന്നാലെ ഛത്തീസ്‌ഗഡില്‍ മറ്റൊരു ബിജെപി നേതാവ് കൂടി കൊല്ലപ്പെട്ടു. ദന്തേവാഡ ഹിതമേത ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് രാംധര്‍ അലാമി ആണ് മാവേയിസ്റ്റുകളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. നാരായണ്‍പൂര്‍ ജില്ലയിലെ തുല്‍ത്തുലി ഗ്രാമത്തിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം നാരായണ്‍ സാഹുവും ഇതേ സ്ഥലത്ത് വച്ചാണ് കൊല്ലപ്പെട്ടത്. ഒരാഴ്‌ചയ്ക്കിടെ ബസ്‌തർ ഡിവിഷനിൽ ബിജെപി നേതാക്കൾക്കെതിരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഫെബ്രുവരി ഏഴിന് ബിജാപൂരിലെ ബിജെപിയുടെ ഉസൂര്‍ മണ്ഡല്‍ പ്രസിഡന്‍റ് നീലകണ്‌ഠ് കകേമിന്‍റെ കൊലപാതകത്തോടെയാണ് തുടക്കം.
രാംധര്‍ അലാമി കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് മവോയിസ്റ്റുകളെ പിടികൂടുന്നതിന് പൊലീസ് സേനയെ അലാമി സഹായിച്ചിരുന്നു എന്നും ബോധ്ഘട്ട് ജലവൈദ്യുത പദ്ധതിയിൽ അഴിമതി നടത്തിയെന്നും ആരോപിക്കുന്ന കത്ത് കണ്ടെടുത്തു. 'ജനവിരുദ്ധവും രഹസ്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും പൊലീസിന്‍റെ ചാരനായി പ്രവർത്തിക്കരുതെന്നും മൂന്ന് തവണ അലാമിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെവിക്കൊണ്ടില്ല. ചെയ്‌തു കൂട്ടിയ എല്ലാ തെറ്റുകള്‍ക്കുമുള്ള ശിക്ഷയായി രാംധര്‍ അലാമിക്ക് വധശിക്ഷ വിധിക്കുന്നു', കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ഈസ്റ്റ് ബസ്‌തർ ഡിവിഷൻ കമ്മറ്റി എന്നെഴുതി ഒപ്പിടുകയും ചെയ്‌തിട്ടുണ്ട്.
ഭീകരത പടർത്താനുള്ള ശ്രമത്തിൽ മാവോയിസ്റ്റുകള്‍ നിരപരാധികളെ കൊല്ലുകയാണ് എന്ന് ദന്തേവാഡ എസ്‌പി സിദ്ധാർഥ് തിവാരി പറഞ്ഞു. രാംധര്‍ അലാമിയുടെ മരണത്തില്‍ ബിജെപി ജില്ല പ്രസിഡന്‍റ് ചൈത്രം അതാമി അനുശോചനം രേഖപ്പെടുത്തി. 'രാംധർ അലാമി ഒരു ബിജെപി പ്രവർത്തകനായിരുന്നു. ദീർഘകാലമായി സംഘടനയിൽ സജീവമായിരുന്നു. മാവോയിസ്റ്റുകൾ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയ രീതി അപലപനീയമാണ്', അദ്ദേഹം പറഞ്ഞു.