മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് മുൻ മുംബൈ പൊലീസ് കമ്മിഷണർക്കെതിരെ മാനനഷ്‌ടക്കേസ് നൽകി. അനില്‍ ദേശ്‌മുഖിനെതിരെ മുംബൈ മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിംഗ് ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെയാണ് നടപടി. ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് പരംബീര്‍ സിംഗ് കത്തെഴുതിയിരുന്നു. കഴിഞ്ഞ ദിവസമാണ് പരംബീര്‍ സിംഗിനെ മുംബൈ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളുമായി എസ്.യു.വി. വാഹനം കണ്ടെത്തിയ സംഭവത്തില്‍ വിവാദ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ എന്‍.ഐ.എയുടെ പിടിയിലായ സംഭവമാണ് പരംബിര്‍ സിംഗിന്‍റെ സ്ഥാനചലനത്തിനിടയാക്കിയത്. സച്ചിന്‍ വാസെയോട് എല്ലാമാസവും 100 കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് അനില്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീര്‍ സിംഗിന്‍റെ ആരോപണം. സച്ചിന്‍ വാസെയെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് തൻ്റെ ഔദ്യോഗിക വസതിയിൽ പല തവണ വിളിച്ചുവരുത്തുകയും ഫണ്ട് ശേഖരിക്കുന്നതിന് സഹായിക്കണമെന്ന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും കത്തില്‍ പറയുന്നു.