മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ്, പേഴ്സണൽ സെക്രട്ടറി എന്നിവരെ എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. നാഗ്‌പൂരിലെയും മുംബൈയിലെയും ദേശ്‌മുഖിന്‍റെ വസതികളിൽ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് പേഴ്‌സണൽ അസിസ്റ്റന്‍റ് കുന്ദൻ ഷിൻഡെ, പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പാലന്ദെ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. അഞ്ച് ഇടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു. മെയ് 11നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ദേശ്‌മുഖിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
അതേസമയം, പണം തട്ടിപ്പ് കേസിൽ പരംബീർ സിങിന്‍റെ പങ്കിനെ തുടർന്ന് പദവിയിൽ നിന്ന് നീക്കം ചെയ്ത ശേഷം തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് റെയ്‌ഡിന് ശേഷം ദേശ്‌മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
റെയ്‌ഡ് നടത്തി സിബിഐയും
ഏപ്രിൽ മാസം ദേശ്മുഖിനെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും നാല് വസതികളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 (സർക്കാർ ജീവനക്കാർ കൈക്കുലി വാങ്ങുന്നത്), ഐപിസി 120 ബി(ക്രിമിനൽ ഗൂഢാലോചന) എന്നിവ അടിസ്ഥാനമാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട പല രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും സിബിഐ കണ്ടെടുത്തിരുന്നു.
അഴിമതി ആരോപണത്തെ തുടർന്ന് രാജി
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് ബാറുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നും പ്രതിമാസം 100 കോടി പിരിക്കാന്‍ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു പരം ബിർ സിങ്ങിന്‍റെ ആരോപണം. ആരോപണ വിധേയനായ ദേശ്‌മുഖ് മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.
Also Read: ദേശ്‌മുഖിന്‍റെ അഴിമതി ആരോപണക്കേസ്; ഹർജിയിൽ വിധി പറയുന്നത് മാറ്റി