നരസിപട്ടണം (ആന്ധ്രാപ്രദേശ്): കാമുകനൊപ്പം 16-ാം വയസിൽ വീടും നാടും ഉപേക്ഷിച്ച എം ഗൗരി 56 വർഷത്തിനിപ്പുറം വീട്ടുകാരെ കാണാൻ തിരിച്ചെത്തി. ഇപ്പോൾ ഗൗരിക്ക് പ്രായം 72. ആറ് പതിറ്റാണ്ട് മുൻപാണ് ഇലക്‌ട്രിക് ജോലിക്കായി നരസിപട്ടണത്ത് എത്തിയ തമിഴ്‌നാട് എട്ടയപുരം സ്വദേശിയായ നമ്മാൾവാറുമായി ആന്ധ്രാപ്രദേശിലെ നരസിപട്ടണം സ്വദേശി ഗൗരി പ്രണയത്തിലാകുന്നത്.
പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ ഗൗരി നമ്മാൾവാറിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോയി. ഇരുവര്‍ക്കും ഒരു മകനും രണ്ട് പെൺമക്കളും ജനിച്ചു. കുറച്ച് വർഷങ്ങള്‍ക്ക് മുന്‍പാണ് പ്രിയപ്പെട്ടവരെ കാണണമെന്ന മോഹം മകനായ ഷൺമുഖരാജിനോട് ഗൗരി പറയുന്നത്. ഒടുവിൽ അമ്മയുടെ ആഗ്രഹം മകൻ സഫലമാക്കുകയായിരുന്നു.
നരസിപട്ടണത്തെത്തിയ ഷൺമുഖരാജ് ബന്ധുക്കളെ കണ്ട് അമ്മയുടെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞു. അമ്മ സഹോദരങ്ങളെ എത്ര മാത്രം സ്‌നേഹിക്കുന്നുവെന്നും കാണാൻ ആഗ്രഹിക്കുന്നുവെന്നും അവരെ അറിയിച്ചു. ഒടുവിൽ ഇടഞ്ഞുനിന്ന ബന്ധുക്കൾക്കും ഗൗരിയെ കാണാൻ തിടുക്കമായി. ബന്ധുക്കൾ എല്ലാവരും തമിഴ്‌നാട്ടിലെത്തി ഗൗരിയെ കണ്ടു.
നാല് ദിവസം മുൻപ് ഗൗരി ജന്മനാടായ നരസിപട്ടണത്തിലെത്തി. ഗൗരിയെ ബന്ധുക്കള്‍ സന്തോഷത്തോടെ സ്വീകരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം വേര്‍പ്പെട്ടു പോയ ബന്ധങ്ങൾ, വീട്, നാട് എല്ലാം ഗൗരി തിരിച്ചുപിടിച്ചു. കുട്ടിക്കാലം മുതലുള്ള അനുഭവങ്ങൾ വീണ്ടും പൊടിതട്ടിയെടുത്ത് പരസ്‌പരം പറഞ്ഞ് ചിരിച്ചു.