ന്യൂഡൽഹി: 40 മെട്രിക് ടൺ (എംടി) ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി (എൽഎംഒ) ആന്ധ്രയിലേക്ക് ആദ്യത്തെ എക്‌സ്‌പ്രസ് ട്രെയിന്‍ നെല്ലൂരിൽ എത്തിയതായി റെയിൽവേ മന്ത്രാലയം. ഇതുവരെ ഇന്ത്യൻ റെയിൽവേ 540 ടാങ്കറുകളിലായി 8700 മെട്രിക് ടൺ എൽഎംഒ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. കൂടാതെ 139 ഓക്‌സിജൻ എക്‌സ്‌പ്രസുകൾ ഇതുവരെ വിജയകരമായി യാത്ര പൂർത്തിയാക്കിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വായനയ്‌ക്ക്: ഓക്സിജൻ എക്സ്പ്രസിന്‍റെ പ്രവർത്തം വ്യാപിപ്പിച്ച് ഇന്ത്യൻ റെയിൽവേ
കഴിഞ്ഞ കുറേ ദിവസങ്ങളായി ഓക്‌സിജൻ എക്‌സ്‌പ്രസുകൾ ദിവസേന 800 മെട്രിക് ടൺ എൽഎംഒ രാജ്യത്താകമാനം എത്തിക്കുന്നുണ്ട്. കൂടാതെ അഭ്യർഥിക്കുന്ന സംസ്ഥാനങ്ങൾക്ക് കഴിയുന്നത്ര കുറഞ്ഞ സമയത്തിനുള്ളിൽ എൽഎംഒ ലഭ്യമാക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം 118 മെട്രിക് ടൺ എൽഎംഒയുമായി ഓക്‌സിജൻ എക്‌സ്‌പ്രസ് കേരളത്തിലും എത്തിയിട്ടുണ്ട്.
Also Read: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് പുറപ്പെട്ടു
മഹാരാഷ്ട്ര- 521, ഉത്തർപ്രദേശ്- 2350, മധ്യപ്രദേശ്- 430, ഹരിയാന- 1228, തെലങ്കാന- 308 മെട്രിക് ടണ്‍ എന്നിങ്ങനെയാണ് ലഭ്യമാക്കിയത്. രാജസ്ഥാനിൽ 40 , കർണാടകയിൽ 361, ഉത്തരാഖണ്ഡിൽ 200, തമിഴ്‌നാട്ടിൽ 111, ആന്ധ്രയിൽ 40, ഡൽഹിയിൽ 3084 മെട്രിക് ടൺ എന്നിങ്ങനെയും വിതരണം ചെയ്‌തിട്ടുണ്ട്. കൂടുതൽ ഓക്‌സിജൻ വരുംദിവസങ്ങളിൽ എത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.