വിശാഖപട്ടണം: മങ്കിപോക്‌സ് പരിശോധനക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആർ.ടി.പി.സി.ആർ കിറ്റ് പുറത്തിറക്കി. ആന്ധ്രാപ്രദേശ് മെഡ്‌ടെക് സോണില്‍ (എ.എം.ടി.സെഡ്) വെള്ളിയാഴ്ച (ഓഗസ്റ്റ് 19) നടന്ന ചടങ്ങിലാണ് ഈ പരിശോധന കിറ്റ് പുറത്തിറക്കിയത്. ട്രാൻസാസിയ ബയോ മെഡിക്കൽസ് വികസിപ്പിച്ചെടുത്ത കിറ്റ്, കേന്ദ്ര പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്വൈസർ അജയ് കുമാർ സൂദാണ് അവതരിപ്പിച്ചത്.
ട്രാന്‍സാസിയ എര്‍ബ മങ്കിപോക്‌സ് ആര്‍.ടി.പി.സി.ആര്‍ കിറ്റ് വളരെയധികം സെൻസിറ്റീവ് ആണ്. പ്രത്യേകമായ നിര്‍മാണം ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാക്കി തീര്‍ത്തിട്ടുണ്ടെന്നാണ് നിര്‍മാതാക്കാളുടെ അവകാശവാദം. ലോകാരോഗ്യ സംഘടന ഈ രോഗവുമായി ബന്ധപ്പെട്ട്, ആഗോളതലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ രോഗവ്യാപനം നേരത്തെ കണ്ടെത്തുന്നതിനും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും പരിശോധനാകിറ്റ് സഹായിക്കുമെന്ന് ട്രാൻസ്‌ഏഷ്യയുടെ സ്ഥാപക ചെയർമാൻ സുരേഷ് വസിറാനി മാധ്യമങ്ങളോട് പറഞ്ഞു. ഐ.സി.എം.ആർ മുൻ ഡയറക്‌ടർ ജനറൽ ബൽറാം ഭാർഗവ, ബയോടെക്‌നോളജി വകുപ്പിലെ ഉപദേഷ്‌ടാവ് അൽക ശർമ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.