യുക്രൈനില്‍ തന്‍റെ 'അരുമകള്‍'ആയിരുന്ന കടുവയേയും കരിമ്പുലിയേയും രക്ഷിക്കണമെന്ന ആഭ്യര്‍ഥന കേന്ദ്രസര്‍ക്കാറിനോട് നടത്തി ആന്ധ്രപ്രദേശില്‍ നിന്നുള്ള എല്ലുരോഗ വിദഗ്‌ധന്‍. യുദ്ധം പൊട്ടി പുറപ്പെട്ടതിന് ശേഷമാണ് ആന്ധ്രക്കാരനായ ഡോക്‌ടര്‍ ഗിഡികുമാര്‍ പട്ടീലിന് കടുവയേയും കരിമ്പുലിയേയും ഉപേക്ഷിച്ച് യുക്രൈന്‍ വിടേണ്ട സാഹചര്യം ഉണ്ടായത്.
ഗിഡികുമാറിന്‍റെ കടുവ(Jaguar) പുള്ളിപ്പുലിയുടേയും(leopard) കടുവയുടേയും സങ്കര ഇനമാണ്. കരിമ്പുലി(panther) പെണ്ണാണ്. കടുവ ആണും. കരിമ്പുലിയുടേയും കടുവയുടേയും സങ്കര ഇനത്തെ ബ്രീഡ് ചെയ്യുന്ന പദ്ധതിയായിരുന്നു ഗിഡികുമാറിന്‍റേത്.
യുദ്ധം പൊട്ടി പുറപ്പടുമ്പോള്‍ ലുഹാന്‍സ്‌കിലായിരുന്നു ഗിഡികുമാര്‍ ഉണ്ടായിരുന്നത്. തന്‍റെ 'അരുമ'കളെ തദ്ദേശീയനായ ഒരു കര്‍ഷകനെ ഏല്‍പ്പിച്ചാണ് ഗിഡികുമാര്‍ യുക്രൈന്‍ വിട്ടത്. കരിമ്പുലിയേയും കടുവയേയും യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന് സഹായിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിനോടുള്ള ഡോക്‌ടറുടെ അഭ്യര്‍ഥന.
ഇവയെ വിട്ട് പിരിഞ്ഞിരിക്കുന്നത് കാരണം തനിക്ക് വിഷാദം നേരിടുകയാണെന്നും ഇവയുടെ സുരക്ഷയില്‍ തനിക്ക് അതീവ ആശങ്കയുണ്ടെന്നും ഗിഡികുമാര്‍ പാട്ടീല്‍ പറഞ്ഞു. ഇയാള്‍ യുക്രൈന്‍ പൗരനാണ്. പോളണ്ടിലെ വാര്‍സൗയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുകയാണ് അദ്ദേഹം. കീവിലെ ഒരു മൃഗശാലയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് കടുവയേയും കരിമ്പുലിയേയും ഗിഡികുമാര്‍ വാങ്ങിയത്.
പാട്ടീല്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ ഈ 'വലിയ പൂച്ചകളെ' വളര്‍ത്തുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പുലികളയേയും കടുവകളേയും മറ്റും ബ്രീഡ് ചെയ്യുന്ന കേന്ദ്രം വിപുലമായ രീതിയില്‍ തുടങ്ങുക എന്നതാണ് ഗിഡികുമാറിന്‍റെ ലക്ഷ്യം. ഇതിനുവേണ്ട പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇയാള്‍.
ഈ അരുമകളെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ ഇന്ത്യയിലേക്കോ മാറ്റണമെന്നാണ് ഗിഡികുമാറിന്‍റെ ആവശ്യം. തന്‍റെ സമ്പാദ്യത്തിന്‍റെ നല്ലൊരു ഭാഗം 'ഭീമന്‍ പൂച്ചകള്‍'ക്കായാണ് ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശില്‍ വെസ്‌റ്റ് ഗോദാവരി ജില്ലക്കാരനാണ് ഗിഡികുമാര്‍ പാട്ടീല്‍.