തിരുപ്പതി (ആന്ധ്രാപ്രദേശ്): കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലും നൂറുകണക്കിന് ദരിദ്രരും നിരാലംബരുമായ കുട്ടികൾക്ക് വിദ്യാഭ്യാസവും പുനരധിവാസവും ലഭ്യമാക്കി ഹൃദയം കീഴടക്കുകയാണ് തിരുപ്പതിയിൽ നിന്നുള്ള വനിത കണ്ടക്‌ടറും ഭർത്താവും. നായിഡുപേട്ട മണ്ഡലത്തിലെ തരുമാഞ്ചി കൻഡ്രിഗ സ്വദേശികളായ യെല്ല ശ്യാമളയും ഭർത്താവും ആട്ടിടയനുമായ കൃഷ്‌ണയുമാണ് 1200ഓളം കുട്ടികൾക്ക് പ്രതീക്ഷയുടെ പുതുജീവിതത്തിലേക്കുള്ള വഴി തുറന്നത്.
കൃഷ്‌ണയെ വിവാഹം കഴിച്ചതോടെ ശ്യാമളയുടെ വിദ്യാഭ്യാസത്തിന് ഇടവേള വന്നെങ്കിലും പഠനം തുടരാനുള്ള ആഗ്രഹത്തിന് കുറവൊന്നും ഉണ്ടായില്ല. എന്നാൽ സാമ്പത്തിക പരാധീനതകൾ ആഗ്രഹത്തിന് മുൻപിൽ തടസം നിന്നു.
എന്നാൽ ഗ്രാമത്തിൽ വരുന്ന ഉദ്യോഗസ്ഥർ നല്ല വസ്‌ത്രം ധരിച്ചവരെ മാത്രം അഭിവാദ്യം ചെയ്യുന്നത് വീണ്ടും പഠിക്കാൻ ശ്യാമളയേയും കൃഷ്‌ണയേയും പ്രേരിപ്പിച്ചു. വിദ്യാഭ്യാസമുണ്ടെങ്കിൽ തങ്ങൾക്കും ഉദ്യോഗസ്ഥരിൽ നിന്ന് ബഹുമാനം ലഭിക്കുമെന്ന് അവർ കരുതി. തുടർന്ന് വിവാഹം കഴിഞ്ഞ് ശ്യാമളയെ കോളജിലയക്കുകയും കൃഷ്‌ണ ഓപ്പൺ സ്‌കൂളിൽ ചേർന്ന് പഠിക്കുകയും ചെയ്‌തു.
അഡ്‌മിഷൻ എടുക്കുന്നതോടെ അവസാനിക്കുന്നതല്ല പഠനപ്രക്രിയ എന്ന് ഇരുവർക്കും ബോധ്യമുണ്ടായിരുന്നു. ഇരുവരും ഭിക്ഷാടനം, തോട്ടിപ്പണി, കടകളിൽ ജോലി ചെയ്യുന്ന കുട്ടികളെയും അനാഥരെയും കണ്ടെത്തി അവർക്ക് വാടകവീട്ടിൽ അഭയം നൽകി. ഇതിനിടയിൽ കൃഷ്‌ണ ബിരുദപഠനം പൂർത്തിയാക്കുകയും ശ്യാമള ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്‌തു. വളരെ വേഗം ശ്യാമളയ്ക്ക് കണ്ടക്‌ടറായി ജോലി ലഭിക്കുകയും ചെയ്‌തു.
തുടർന്ന് ഇരുവരും ചേർന്ന് നിരാലംബരായ കൂടുതൽ കുട്ടികളെ കണ്ടെത്തുകയും അവർക്കായി സ്‌കൂൾ ആരംഭിക്കുകയും മറ്റൊരു കെട്ടിടം വാടകയ്ക്ക് എടുക്കുകയും ചെയ്‌തു. കുട്ടികൾക്കുള്ള ഭക്ഷണത്തിനായി ആളുകൾ സബ്‌സിഡി അരിയും പച്ചക്കറി കച്ചവടക്കാർ ബാക്കി വരുന്ന പച്ചക്കറികളും സംഭാവന ചെയ്യുമായിരുന്നു. എന്നിരുന്നാൽ പോലും തന്‍റെ ശമ്പളത്തിന്‍റെ പകുതി വാടകയ്ക്കായി ചെലവാകുമായിരുന്നുവെന്ന് ശ്യാമള പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലാണ് ശ്യാമളയും കൃഷ്‌ണയും ചേർന്ന് കുട്ടികൾക്കുള്ള പുനരധിവാസവും വിദ്യാഭ്യാസവും നടത്തിയിരുന്നത്.
ഓരോ വർഷവും 20 മുതൽ 50 വരെ കുട്ടികൾക്കാണ് ശ്യാമളയും കൃഷ്‌ണയും അടിസ്ഥാന വിദ്യാഭ്യാസം നൽകിയത്. ഇവർ പുനരധിവസിപ്പിച്ച 1200 കുട്ടികളെ പിന്നീട് പ്രാദേശിക സ്‌കൂളിൽ ചേർത്തു. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.
എന്നാൽ രണ്ട് വർഷം മുൻപ് ശ്യാമളയ്ക്ക് സ്‌തനാർബുദം സ്ഥിരീകരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. എന്നാൽ കുട്ടികളെ സഹായിക്കുന്നതിൽ നിന്ന് പിന്തിരിയാൻ ശ്യാമള ഒരുക്കമായിരുന്നില്ല.
"കൊവിഡ് കാലത്ത് ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. കുട്ടികളെ നോക്കാൻ ഒരുവഴിയും ഉണ്ടായിരുന്നില്ല. അവരിൽ ചിലരെ ബന്ധുവീടുകളിലേക്ക് അയച്ചു. എന്നാൽ അനാഥരെ നോക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. ആ കഷ്‌ടപ്പാടുകൾ എങ്ങനെയെങ്കിലും തരണം ചെയ്യണമെന്ന് കരുതിയപ്പോഴേക്കും എനിക്ക് അർബുദം സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി വീട് വിൽക്കേണ്ടിവന്നു. ഞങ്ങളുടെ വരുമാനം സമ്പാദിച്ചിരുന്നുവെങ്കിൽ ആ പണം ചികിത്സയ്ക്ക് ഉപയോഗിക്കാമായിരുന്നു എന്ന് പലരും പറഞ്ഞു. എന്നാൽ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനേക്കാൾ സംതൃപ്‌തി മറ്റൊന്നിനും തരാൻ കഴിയില്ലെന്ന് എനിക്ക് തോന്നി", ശ്യാമള പറയുന്നു.