ബെംഗളൂരു: ജൂണ്‍ മാസത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും മാസാവസാനമായിട്ടും മഴ ലഭിക്കാതെ കര്‍ണാടക. സംസ്ഥാനത്തെ പല ജില്ലകളിലും ജലാശയങ്ങളെല്ലാം വറ്റി വരണ്ടു. വടക്കന്‍ കര്‍ണാടകയിലെ അണക്കെട്ടുകളിലെല്ലാം വെള്ളം വളരെയധികം താഴ്‌ന്നു.
അതിപുരാതനമായ വിട്ടല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹിഡക്കല്‍ അണക്കെട്ടിലെ വെള്ളവും താഴ്‌ന്നു. ഇതോടെ കഴിഞ്ഞ 12 വര്‍ഷവും വെള്ളത്തിനടിയിലായ ക്ഷേത്രം ഭക്തര്‍ക്ക് കാണാനായി. പൂര്‍ണമായും കല്ലില്‍ നിര്‍മിച്ച ഈ ക്ഷേത്രം കഴിഞ്ഞ 12 വര്‍ഷവും വെള്ളത്തിനടിയിലായിരുന്നു. വേനല്‍കാലത്ത് പോലും അപൂര്‍വമായാണ് ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പോലും കാണാനാകുക. എന്നാല്‍ ഇത്തവണ വേനല്‍ കടുത്തത് കൊണ്ട് ക്ഷേത്രം പൂര്‍ണമായും കാണാനായി.
അണക്കെട്ടിലെ വെള്ളം താഴ്‌ന്നതോടെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് കൊടുത്തിരിക്കുകയാണിപ്പോള്‍. ആഷാഡ ഏകാദശിയായ ഇന്നലെ (ജൂണ്‍ 29) വിട്ടല ഭഗവാനെ ദര്‍ശിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഭക്തര്‍. 1928ലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്.
1977ല്‍ ഹിഡക്കല്‍ ജലസംഭരണിയുടെ നിര്‍മാണ വേളയില്‍ വിട്ടല ക്ഷേത്രം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. ജലനിരപ്പ് താഴുമ്പോള്‍ മാത്രമാണ് ക്ഷേത്രം കാണാന്‍ സാധിക്കുള്ളൂ. അതും ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര മാത്രമെ കാണാനായിരുന്നുള്ളൂ. വര്‍ഷത്തില്‍ 10 മാസവും ഇത് പൂര്‍ണമായും വെള്ളത്തിന് അടിയിലായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ഷേത്രം തുറന്നതോടെ നിരവധി ഭക്തരാണ് ദര്‍ശനത്തിനായി ഒഴുകിയെത്തുന്നത്.
ക്ഷേത്രത്തെ കുറിച്ച് ഭക്തര്‍: കഴിഞ്ഞ 12 വര്‍ഷമായി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ഈ ക്ഷേത്രത്തിന് അതിന്‍റേതായ ചരിത്രവും പൈതൃകവുമുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്ക് പ്രത്യേക ശക്തിയും കഴിവുമുണ്ടെന്ന് ഭക്തര്‍ പറയുന്നു. ജീവിതത്തില്‍ കഷ്‌ടതയനുഭവിക്കുന്നവര്‍ക്ക് ദൈവം അനുഗ്രഹം ചൊരിയുന്നുവെന്നും 12 വര്‍ഷം വെള്ളത്തില്‍ മുങ്ങി കിടന്നിട്ടും ഇതിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഭക്തര്‍ പറയുന്നു.
ക്ഷേത്രം തുറന്നതോടെ ദിവസവും ആയിര കണക്കിന് ആളുകളാണ് ക്ഷേത്രം ദര്‍ശിക്കാനായി എത്തുന്നത്. ഇത്തവണത്തെ വേനലില്‍ വെള്ളം പൂര്‍ണമായും ഒഴിഞ്ഞതോടെയാണ് ദര്‍ശനം സാധ്യമായതെന്നും ഭക്തര്‍ പറഞ്ഞു.
വിട്ടല ക്ഷേത്രവും വിസ്‌മയ കാഴ്‌ചകളും: പതിനഞ്ചാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിലെ ദേവരാണ് വിട്ടല ക്ഷേത്രം നിര്‍മിച്ചത്. അതുകൊണ്ടാണ് ഈ ക്ഷേത്രം വിജയ വിട്ടല ക്ഷേത്രം എന്ന് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ ഭംഗിയുള്ള തൂണുകളാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 56 തൂണുകളാണ് ക്ഷേത്രത്തിലുള്ളത്. മ്യൂസിക്കല്‍ പില്ലേഴ്‌സ് എന്നാണ് ഈ തൂണുകള്‍ അറിയപ്പെടുന്നത്. ചില പ്രത്യേക രീതിയിലുള്ള വടികൊണ്ട് തൂണുകളില്‍ തട്ടിയാല്‍ അവയില്‍ നിന്ന് ശ്രുതി മധുരമായ സംഗീതം കേള്‍ക്കാനാകും. അതുകൊണ്ടാണ് അവയെ മ്യൂസിക്കല്‍ പില്ലേഴ്‌സ് എന്ന് അറിയപ്പെടുന്നത്.
കല്ലില്‍ കൊത്തിയിരിക്കുന്ന രഥമാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയിലെത്തുന്ന ആരും കാണാന്‍ കൊതിക്കുന്ന ഒന്നാണ് ഈ ക്ഷേത്രം. എന്നാല്‍ വര്‍ഷത്തില്‍ 10 മാസവും പൂര്‍ണമായും ഇത് വെള്ളത്തിന് അടിയിലാകും. ഹംപിയിലെ ഏറ്റവും മികച്ച വാസ്‌തു വിദ്യയും വൈവിധ്യവും നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണിത്.