ലക്‌നൗ: അംറോഹ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി ഷബ്‌നത്തിന്‍റെ വധശിക്ഷ തീയതിയില്‍ തീരുമാനമായില്ല. സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ഷബ്‌നം വധശിക്ഷ കാത്ത് കഴിയുന്നത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് മുമ്പാകെയാണ് ഷബ്‌നം ദയാഹര്‍ജി സമര്‍പ്പിച്ചത്. 2008 ഏപ്രില്‍ 15നാണ് അംറോഹ ജില്ലയില്‍ താമസിച്ചിരുന്ന തന്‍റെ കുടുംബാംഗങ്ങളെ ഷബ്‌നവും കാമുകന്‍ സലീമും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. കാമുകനെ വിവാഹം ചെയ്യുന്നതിനായിരുന്നു ഷബ്‌നം ക്രൂരകൃത്യം ചെയ്‌തത്. പാലില്‍ മയക്കുമരുന്ന് കലര്‍ത്തി കുടുംബാംഗങ്ങളെ മയക്കിയതിന് ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ഏഴ് പേരില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. അലഹബാദ് ഹൈക്കോടതി വധ ശിക്ഷ വിധിക്കുകയും പിന്നീട് സുപ്രീം കോടതിയും വിധി ശരിവെക്കുകയായിരുന്നു. രാഷ്‌ട്രപതിക്ക് മുന്നില്‍ ഷബ്‌നം ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.