പട്‌ന: ബിഹാറിൽ സമീപകാലങ്ങളിലുണ്ടായ വർഗീയ അക്രമ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ സ്ഥിതിഗതികൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അമിത് ഷായെ ധരിപ്പിച്ചു. തുടർന്ന് ക്രമസമാധാനം നിലനിർത്താനും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനുമായി കൂടുതൽ അർധസൈനിക സേനയെ ബിഹാറിലേക്ക് അയക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
ബിഹാർ സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്നാണ് അധിക സേനയെ അയക്കുന്നത്. രാമനവമി ആഘോഷങ്ങൾക്കിടെ ബിഹാറിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 45 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നളന്ദയിൽ നിന്ന് 27 പേരുടെയും സസാറാമിൽ 18 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
അക്രമികൾ വാഹനങ്ങളും വീടുകളും കത്തിച്ചു. നിരവധി പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്‌തു. സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്‌ച ഉച്ചയോടെ ജില്ല ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷവും നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ അമിത് ഷായുടെ ബിഹാർ സന്ദർശനം റദ്ദാക്കുകയായിരുന്നു.
സർക്കാരിനെ വിമർശിച്ച് ബിജെപി: അശോക ചക്രവർത്തിയുടെ ജന്മദിനം ആഘോഷിക്കാൻ സംഘടിപ്പിച്ച ചടങ്ങ് റദ്ദാക്കിയതിന് നിതീഷ് കുമാർ സർക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി രംഗത്തെത്തി. ഇന്ന് 'ഭൂമി പൂജ'യിൽ പങ്കെടുക്കാനും എസ്എസ്ബി ഫ്രണ്ടിയർ പട്‌നയുടെ കെട്ടിടത്തിന്‍റെ നിർമാണത്തിന് തറക്കല്ലിടാനുമായാണ് അമിത് ഷാ ബിഹാറിൽ എത്താനിരുന്നത്. എന്നാൽ പരിപാടി അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബിഹാർ സന്ദർശനത്തിൽ മതിയായ സുരക്ഷ ഏർപ്പെടുത്താത്തതിന് നിതീഷ് കുമാർ സർക്കാരിനെ ബിജെപി ചോദ്യം ചെയ്‌തു. അമിത് ഷായുടെ സന്ദർശനത്തിൽ മഹാസഖ്യ നേതാക്കൾ പരിഭ്രാന്തരായെന്നും പരിപാടിയിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞെന്നുമാണ് സാമ്രാട്ട് ചൗധരിയുടെ ആരോപണം. എന്നാൽ, എല്ലാ കേന്ദ്ര മന്ത്രിമാർക്കും സംസ്ഥാന സർക്കാർ എപ്പോഴും സുരക്ഷ നൽകുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാദം.
രാമനവമിയോട് അനുബന്ധിച്ച് ഉണ്ടായ സംഘർഷത്തെ തുടർന്ന് ശനിയാഴ്‌ച വൈകുന്നേരം സസാറാം പട്ടണത്തിൽ ബോംബ് സ്‌ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. രാമനവമി ദിനത്തിൽ സംഘർഷം ഉണ്ടായ സ്ഥലത്ത് തന്നെയാണ് സ്‌ഫോടനം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ബംഗാളിൽ ഇതിനോടകം 38 പേരെയാണ് വർഗീയ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
രാമനവമിക്ക് ശേഷം വെള്ളിയാഴ്‌ചയാണ് ബിഹാറിലെ നളന്ദയിലും സസാറാമിലും അക്രമസംഭവങ്ങൾ ഉണ്ടായത്. രണ്ട് ഗ്രൂപ്പുകൾ പരസ്‌പരം കല്ലെറിയുകയും വെടിവയ്‌പ്പ് നടത്തുകയും വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്‌തു. ഇന്നലെ റോഹ്‌താസ് നളന്ദ ജില്ലകളിൽ വീണ്ടും അക്രമം റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇന്നലെ നളന്ദയിലെ ബിഹാർ ഷെരീഫിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരാൾ കൊല്ലപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ വർഗീയ കലാപങ്ങൾ ആസൂത്രിതമാണെന്നാണ് ബിഹാർ മുഖ്യമന്ത്രിയുടെ ആരോപണം.
Also read: ബിഹാർ രാമനവമി ആക്രമണം: സസാറാം പട്ടണത്തിൽ ബോംബ് സ്‌ഫോടനം; പരിക്കേറ്റവർ ആശുപത്രിയിൽ