ബരാമുള്ള(കശ്‌മീർ): ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്ന പാകിസ്ഥാനുമായി യാതൊരു ചർച്ചയ്‌ക്കുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്‌മീരിൽ നിന്ന് തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി എല്ലാ മേഖലകളിലും വികസനം കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ജമ്മുകശ്‌മീരിലെ ബരാമുള്ളയിൽ പൊതുറാലി അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
പാകിസ്ഥാനോട് സംസാരിക്കാനാണ് ചിലർ ആവശ്യപ്പെടുന്നത്. എന്നാൽ എന്തിനാണ് പാകിസ്ഥാനോട് സംസാരിക്കേണ്ടത്. എനിക്ക് സംസാരിക്കാനുള്ളത് ബരാമുള്ളയിലെയും കശ്‌മീരിലെയും ജനങ്ങളോടാണ്, അദ്ദേഹം പറഞ്ഞു.
1990 മുതൽ കശ്‌മീരിൽ മാത്രം 42,000 ജീവനുകളാണ് തീവ്രവാദി ആക്രമണത്തിൽ നഷ്‌ടമായത്. തീവ്രവാദം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. അബ്‌ദുള്ളമാരും മുഫ്‌തികളും നെഹ്റു ഗാന്ധി കുടുംബങ്ങളുമാണ് കശ്‌മീരിൽ വികസനമില്ലാതെയാക്കിയത്.
ചിലർ പാകിസ്ഥാനെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്. എന്നാൽ ഒന്ന് ചോദിക്കട്ടെ പാക് അധീന കശ്‌മീരിലെ എത്ര ഗ്രാമങ്ങളിൽ വൈദ്യുതിയുണ്ട്, അടിസ്ഥാന സൗകര്യങ്ങളുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കശ്‌മീരിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അമിതാ ഷാ കൂട്ടിച്ചേർത്തു. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്‌തതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.