ബെംഗളൂരു : 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 150 സീറ്റുകളോടെ വിജയം ലക്ഷ്യമിട്ട് ബിജെപിയും കോൺഗ്രസും. സംസ്ഥാനത്ത് 150 സീറ്റുകൾ നേടി ഭരണത്തുടർച്ച ലക്ഷ്യമിടുകയാണെന്ന് ശനിയാഴ്‌ച (02.03.2022) വൈകുന്നേരം നടന്ന സംസ്ഥാന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം ഇന്ന് ബെംഗളൂരുവിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ നേതാക്കളോട് ആഹ്വാനം ചെയ്‌തു.
ഭരണത്തുടർച്ച നേടാൻ ബിജെപി കർമപദ്ധതി : തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും സംഘടനയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ബിജെപി യോഗം ചർച്ച ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പും സംഘടനാ പ്രവർത്തനവും ചർച്ച ചെയ്ത യോഗത്തിൽ, തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കർമപദ്ധതി നടപ്പാക്കാനും അമിത് ഷാ നിർദേശിച്ചതായി സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു.
മുൻഗണനാക്രമത്തിൽ പേജ് കമ്മിറ്റികളുടെ രൂപീകരണവും വിപുലീകരണവും സംബന്ധിച്ച കാര്യങ്ങളിലും ചർച്ചകൾ നടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് പാർട്ടികളിൽ നിന്നുള്ളവർ ബിജെപിയിൽ ചേരുന്ന പ്രക്രിയ തുടരുകയാണെന്നും അതിനെക്കുറിച്ചും യോഗം വിലയിരുത്തിയതായും നളിൻ കുമാർ പറഞ്ഞു.
ALSO READ:ക്രിസ്ത്യൻ പ്രാര്‍ഥനയ്ക്ക് രാമക്ഷേത്രം: ബിജെപിയുടെ വാദം തള്ളി പൊലീസ്
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാർ, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ അരുൺ സിങ്, സി. ടി രവി, മന്ത്രിമാരായ കെ.എസ് ഈശ്വരപ്പ, ശ്രീരാമുലു, സി.എൻ അശ്വത് നാരായൺ, ഗോവിന്ദ് കാർജോൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പ്രതാപം വീണ്ടെടുക്കാനൊരുങ്ങി കോൺഗ്രസ് : അതേസമയം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 150 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ കർണാടകയിലെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി വെള്ളിയാഴ്‌ച ആഹ്വാനം ചെയ്തിരുന്നു. പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, കർണാടകയ്ക്ക് കോൺഗ്രസിന്‍റെ ആത്മാവ് ഉണ്ടെന്നും സ്വാഭാവിക കോൺഗ്രസ് സംസ്ഥാനമാണെന്നും പറഞ്ഞു.
ശരിയായ പ്രശ്‌നങ്ങൾ മനസിലാക്കി നാമേവരും ഐക്യത്തോടെ പോരാടണം. പാർട്ടി നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർക്കുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം ഒന്നിച്ച് പോരാടി സംസ്ഥാനത്ത് 150 സീറ്റുകൾ നേടുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നൽകുന്നതുൾപ്പടെയുള്ള വിഷയങ്ങളിൽ, അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് യുവാക്കളിലും സ്ത്രീകളിലുമാകണം. കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പാവപ്പെട്ടവർക്കും ചെറുകിട വ്യാപാരികൾക്കുമുൾപ്പടെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെ രൂപീകരിക്കാനാകുമെന്നും വിശ്വസിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു.