ന്യൂഡല്‍ഹി: കൊവിഡിനെതിരെയുള്ള പോരാട്ടം തുടരുമ്പോഴും കാലാവസ്ഥാ വ്യതിയാനം പോലുള്ള മറ്റ് വലിയ വെല്ലുവിളികള്‍ കാണാതെ പോകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധ പൂർണിമയുടെ ഭാഗമായുള്ള 'വെർച്വൽ വെസക് ഗ്ലോബൽ സെലിബ്രേഷൻസ്' പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി തന്‍റെ കാഴ്‌ചപ്പാട് വ്യക്തമാക്കിയത്.
കൊവിഡ് നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനെ നേരിടാൻ സാധ്യമായതെല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്. ഇതിനിടയില്‍ മനുഷ്യരാശി നേരിടുന്ന മറ്റ് വെല്ലുവിളികളെ നാം കാണാതിരിക്കരുത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇപ്പോഴത്തെ തലമുറയുടെ വീണ്ടുവിചാരമില്ലാത്ത ജീവിതശൈലി വരും തലമുറകള്‍ക്ക് ഭീഷണിയാണെന്നും മോദി പറഞ്ഞു. പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: വൈറസിനെ തുരത്താൻ വാക്സിൻ പ്രധാനം: മോദി
ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും മഹാമാരി ബാധിച്ചിട്ടുണ്ടെന്നും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കൊവിഡ് സൃഷ്‌ടിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു. കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളും ബുദ്ധമത സംഘടനകളും ഉള്‍പ്പെടെ നിരവധി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇന്ത്യയ്ക്ക് സഹായഹസ്‌തം നീട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.