ഹൈദരാബാദ്: കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച് ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രോഗം ബാധിച്ചപ്പോൾ പാരസെറ്റമോൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവ മാത്രമാണ് ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 19 നാണ് തെലങ്കാന മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Also read: റെക്കോര്‍ഡിന് പിന്നാലെ വാക്‌സിൻ വിതരണത്തില്‍ ഗണ്യമായ കുറവ്
രോഗത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും പാരസെറ്റമോൾ, ആന്‍റിബയോട്ടിക്കുകൾ എന്നിവ ഉപയോഗിച്ച് ആളുകൾക്ക് രോഗമുക്തി നേടാമെന്നും മുഖ്യമന്ത്രി വാറംഗലിൽ ഒരു പൊതുയോഗത്തിൽ പറഞ്ഞു. കുട്ടികളെയാണ് കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നതെന്നാണ് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. രോഗത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് . ആരാണ് ഈ വിവരങ്ങൾ നൽകുന്നതെന്നും ഏത് അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.