തൂത്തുക്കുടി : സുഗന്ധലേപന വിപണിയിൽ രണ്ട് കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന തിമിംഗല ഛർദിയുമായി (ആംബർഗ്രീസ്) ഒരാൾ അറസ്റ്റിൽ. എനൻകുടി പുതുമന പള്ളിവാസൽ സ്വദേശിയായ കുമാരനെയാണ് (38) കുലശേഖരപട്ടണം പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് എനൻകുടി മാർക്കറ്റ് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പരിശോധനയ്‌ക്കിടെ സംശയാസ്‌പദമായ രീതിയിൽ പിടികൂടിയ ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് വിൽപ്പനയ്‌ക്കായി കൈവശംവച്ചിരുന്ന തിമിംഗല ഛർദി പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത തിമിംഗല ഛര്‍ദി തിരുച്ചെന്തൂർ ഫോറസ്റ്റ് ഓഫിസർക്ക് കൈമാറി. തൂത്തുക്കുടി ഫോറസ്റ്റ് ഓഫിസർ അഭിഷേക് തോമറിന്‍റെ നിർദേശത്തെ തുടർന്ന് തിരുച്ചെന്തൂർ ഫോറസ്റ്റ് ഓഫിസർ കനിമൊഴി അരസു, പ്രതിയായ കുമാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
ALSO READ: സുഗന്ധലേപന വിപണിയില്‍ കോടികള്‍ മതിപ്പ് ; കൊല്ലത്ത് തിമിംഗല ഛര്‍ദിയുമായി നാല് പേര്‍ പിടിയില്‍
കുമാരനിൽ നിന്ന് പിടികൂടിയ 2.560 കിലോ ഭാരമുള്ള തിമിംഗല ഛർദിയുടെ അന്താരാഷ്‌ട്ര വിപണിമൂല്യം 2.30 കോടി രൂപയാണ്. ഈ മേഖലയിൽ നിന്ന് മൂന്നാം തവണയാണ് തിമിംഗല ഛർദി പിടികൂടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ, ഡിസംബർ മാസങ്ങളിലായി 16 കിലോയോളം വരുന്ന ആംബര്‍ഗ്രീസ് പിടിച്ചെടുത്തിരുന്നുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.