മുംബൈ: മരുമകള്‍ക്ക് ഭരതനാട്യത്തില്‍ അരങ്ങേറ്റത്തിനുള്ള അവസരമൊരുക്കി അംബാനി കുടുംബം. മുകേഷ്-നിത ദമ്പതികളുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വധു രാധിക മെര്‍ച്ചന്‍റിന് വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. സിനിമ, വ്യവസായ ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടി മുംബൈ ജിയോ വേള്‍ഡ് സെന്‍ററിലെ ഗ്രാന്‍ഡ് തിയേറ്ററിലാണ് നടന്നത്.
എട്ട് വര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് രാധിക ആദ്യ പ്രകടനം വേദിയില്‍ അവതരിപ്പിച്ചത്. എം എസ് ഭാവന തക്കാറിന് കീഴിലായിരുന്നു രാധികയുടെ ഭരതനാട്യ പഠനം. അരങ്ങേറ്റത്തോടെ അംബാനി കുടുംബത്തില്‍ നിന്ന് നിത അംബാനിക്ക് ശേഷം രണ്ടാമത്തെ ഭരതനാട്യ വക്താവാകുന്ന് വ്യക്തിയാണ് രാധിക മെര്‍ച്ചന്‍റ്.

അരങ്ങേറ്റ അവതരണത്തിന്‍റെ മുഴുവന്‍ പരമ്പരാഗത ഘടകങ്ങളും ഉള്‍ക്കൊള്ളിച്ചതായിരുന്നു രാധികയുട പ്രകടനം. ഗുരുവിനെയും, വേദിയേയും, ദൈവത്തേയും പ്രാര്‍ഥിച്ച് അനുഗ്രഹം തേടാനുള്ള പുഷ്‌പാഞ്‌ജലിയിലാണ് ഭരതനാട്യ അവതരണം ആരംഭിച്ചത്. തുടര്‍ന്ന് രാധികയുടെ അരേങ്ങറ്റം വിജയമാകാനുള്ള പ്രാര്‍ഥനകളായ ഗണേശ വന്ദനത്തിനും, അലരിപ്പിനും വിശിഷ്‌ടാഥിതികള്‍ സാക്ഷ്യം വഹിച്ചു.

പരമ്പരാഗത രാഗങ്ങളും ആദിതാളവുമാണ് പ്രാര്‍ഥനകള്‍ക്കായി ഉപയോഗിച്ചത്. പിന്നാലെ പ്രശസ്‌ത ഭജനയായ 'അച്യുതം കേശവം' രാഗമാലികയിലെ മൂന്ന് കഥകളും രാധിക വേദിയില്‍ അവതരിപ്പിച്ചു. ഇതിനായി ശബരിയുടെ ശ്രീരാമനോടുള്ള തീവ്രാഭിലാഷം, ശ്രീകൃഷ്‌ണന്‍റെ നൃത്തം, അമ്മ യശോദയുടെയും കുഞ്ഞ് കൃഷ്‌ണന്‍റെയും കഥ എന്നിവയാണ് തെരഞ്ഞെടുത്തത്.

ഭജനയ്‌ക്ക് പിന്നാലെ നടരാജ നിത്യനൃത്തത്തിലെ ശിവപഞ്ചാക്ഷരവും രാധിക വേദിയില്‍ ചിത്രീകരിച്ചു. തുടര്‍ന്ന് മനുഷ്യനിലെ എട്ട് ഭാവങ്ങളെ വര്‍ണിക്കുന്ന അഷ്‌ഠരസ (AstaRasa) പ്രകടനവും കാഴ്‌ചകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി. ശൃംഗാരം, ഹാസ്യം, കരുണ, ഭയം, വീരം, രൗദ്രം, ഭീവത്സം, അത്ഭുതം എന്നീ രസങ്ങളാണ് ഈ സമയം രാധികയില്‍ മിന്നിമറഞ്ഞത്.

താളാത്മകമായ ശുദ്ധനൃത്തമായ തില്ലാനയോടെയാണ് രാധികയുടെ അരങ്ങേറ്റം അവസാനിച്ചത്. സങ്കീര്‍ണമായ പാദ ചലനവും, കൂടികലര്‍ന്ന് കൈകളുടെ ചലനവും ചേര്‍ന്നാതായിരുന്നു തില്ലാന അവതരണം. നൃത്താവതരണത്തിന്‍റെ അവസാനത്തില്‍ വലിയ കരഘോഷത്തോടെയാണ് രാധികയെ അതിഥികള്‍ വേദിയില്‍ നിന്നും യാത്രയാക്കിയത്.
