ഇസ്ലാമാബാദ്: ലോകോത്തര ഇ-കൊമേഴ്‌സ് ഭീമൻമാരായ ആമസോൺ അവരുടെ വിൽപ്പനക്കാരുടെ പട്ടികയിൽ പാകിസ്ഥാനെയും ഉൾപ്പെടുത്തി. ഇതിലൂടെ ലോകമെമ്പാടുമുള്ള അമസോൺ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള റീട്ടെയിലർമാർക്ക് പ്രവേശനം ലഭിക്കും.
പാകിസ്ഥാനിലെ വാണിജ്യ സമൂഹത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാനായി ആമസോണിനായുള്ള ഫോക്കസ് ഗ്രൂപ്പിൽ വാണിജ്യ മന്ത്രാലയം ചർച്ചകൾ തുടരുമെന്ന് വാണിജ്യ, നിക്ഷേപ ഉപദേശകൻ അബ്ദുൾ റസാഖ് ദാവൂദ് പറഞ്ഞു. വാണിജ്യത്തിൽ നല്ല നേട്ടം കൊയ്യുന്നതിന് പരിശീലനം, ഗുണനിലവാര ഉറപ്പ്, ലോജിസ്റ്റിക് മെച്ചപ്പെടുത്തൽ, പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ ആമസോണിന്‍റെ വിൽപ്പനക്കാരുടെ പട്ടികയിൽ ഇല്ലാത്തതിനാല്‍ പാകിസ്ഥാൻ റീട്ടെയിലർമാർ തങ്ങളുടെ കമ്പനികളെ മറ്റ് രാജ്യങ്ങളിൽ നിന്നായിരുന്നു ആമസോണിൽ രജിസ്റ്റർ ചെയ്തിരുന്നത്. പാകിസ്ഥാൻ ആമസോണിന്റെ ഭാഗമായതോടെ പാകിസ്ഥാൻ വ്യാപാരികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ എളുപ്പത്തിൽ വിൽക്കാൻ കഴിയും. വാണിജ്യം പൂർണ്ണ സജ്ജമാകാൻ സമയമെടുക്കുമെന്നും തുടക്കത്തിൽ 38 പാകിസ്ഥാൻ കയറ്റുമതിക്കാരുടെ പേരുകൾ ആമസോണുമായി രജിസ്റ്റർ ചെയ്തതായും പാകിസ്ഥാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.
Also read: നിസാന്‍റെ മുൻ തലവനോട് ശമ്പളം തിരിച്ചടയ്ക്കാൻ ഡച്ച് കോടതി ഉത്തരവിട്ടു