മാതൃദിനത്തിൽ, അമ്മമാരുടെ ത്യാഗങ്ങളും സ്നേഹവും ലോകം മുഴുവൻ ആഘോഷിക്കുന്നു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കാറുള്ളത്. പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്‍റെ ഭാഗമായി മാറി. ശാസിക്കാനും സ്നേഹിക്കാനും ത്യജിക്കാനും ഒരേ സമയം സാധിക്കുന്ന വ്യക്തി അതാണ് "അമ്മ". അമ്മയുടെ കരുതലും അവരുടെ സ്നേഹത്തിനും മുന്നില്‍ മാതൃദിനത്തിൽ ലോകം ഒന്ന് ചേരുകയാണ്. പകരം ചോദിക്കാതെ സ്‌നേഹിക്കാൻ കഴിയുന്ന ഒരേ ഒരാള്‍ അമ്മയാണ്. അമ്മയുടെ സ്‌നേഹത്തിന് പകരം നൽകാൻ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു.
സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത ഈ കാലത്ത്, വീടിലും ജോലിസ്ഥലത്തും പ്രായഭേദമെന്യേ അവര്‍ ആക്രമിക്കപ്പെടുമ്പോൾ ചൂഷണത്തിന് വിധേയരാകുമ്പോൾ ഇത്തരം ആഘോഷങ്ങളുടെ പ്രസക്തി കൂടി വരുകയാണ്. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരം ആഘോഷങ്ങൾ വാണിജ്യ സംസ്‌കാരത്തിന്‍റെ ഭാഗമായി കെട്ടുകാഴ്ചകൾ മാത്രമായി മാറാറുണ്ട്.
അമ്മയോടൊപ്പം എങ്ങനെയെല്ലാം സമയം ചെലവഴിക്കാം...
സാധാരണ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി അമ്മയ്ക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ ഈ ദിനത്തിൽ നൽകാൻ ശ്രമിക്കാം. നിങ്ങളുടെ ജീവിതത്തെ സന്തോഷമുള്ളതാക്കാൻ മനസ് കൊണ്ടും ശരീരം കൊണ്ടും അമ്മയോളം നിലകൊണ്ട മറ്റാരും ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ മക്കളുടെ കരുതലും സ്നേഹവും തിരികെ ലഭിക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നും അമ്മ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നുണ്ടാവില്ല.
മാതൃദിനത്തിൽ അമ്മക്കൊപ്പം
മഹാമാരിക്കാലത്ത് എല്ലാവരും വർക്ക് ഫ്രം ഹോം തിരക്കുകളിലും മറ്റ് തിരക്കുകളിലുമാണെങ്കിലും ഈ ദിവസം അമ്മയോടൊപ്പം ചെലവഴിക്കാൻ ശ്രമിക്കാം. വെറും ഒറ്റ വരി ആശംസകളിലും ഇൻസ്റ്റാഗ്രം, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ ലോകത്ത് മറ്റുള്ളവരെ കാണിക്കാൻ ഇടുന്ന സ്റ്റാറ്റസ് സ്റ്റോറികളിലും ഈ ദിവസത്തെ ഒതുക്കി നിറുത്താതെ ഇന്ന് അമ്മയുടെ കൂടെ ഭക്ഷണം കഴിച്ചും അമ്മക്ക് സമ്മാനങ്ങൾ നൽകിയും നിറമുള്ളതാക്കാം.
അമ്മ ഉണരുമ്പോൾ സമ്മാനവുമായി കാത്തിരിക്കാം
മാതൃ ദിനത്തിൽ സന്തോഷം നിറഞ്ഞ പ്രഭാതം അമ്മയ്ക്ക് നൽകാം. അമ്മ ഉണരുന്നതിന് മുമ്പ് ഉണർന്ന് അമ്മക്ക് സമ്മാനങ്ങൾ നൽകാം. അത് പണം കൊടുത്ത് വാങ്ങുന്നവ ആകണമെന്നില്ല. മക്കൾ സ്നേഹത്തോടെ എന്ത് കൊടുത്താലും അമ്മക്ക് അത് നിധിയാണ്. പ്രതിഫലം പ്രതീക്ഷിക്കാതെ അവർ ചെയ്ത നന്മകൾക്ക് ത്യാഗങ്ങൾക്ക് സ്നേഹത്തിൽ കവിഞ്ഞ് ഒന്നും തന്നെ പ്രതിഫലമായി അവർ ആഗ്രഹിക്കില്ല. കെട്ടിപ്പിടിച്ച് ഒരു ഹാപ്പി മദഴ്സ് ഡേ പറയുന്നതിലും വലുത് അവർക്ക് ഒന്നും ഉണ്ടാകില്ല.
തിരക്കുകളിൽ നിന്ന് അമ്മക്ക് അവധി കൊടുക്കാം
പുലരിയാകും മുന്നേ എഴുന്നേറ്റ് വീട്ടുകാരെയും മക്കളുടെ കാര്യങ്ങൾ ചെയ്ത് ജീവിതത്തിന്‍റെ പകുതിയിലെറെയും നഷ്ടപ്പെടുത്തുന്നവരാണ് അമ്മമാർ. മക്കൾ വളർന്നു പ്രായമാകുന്നത് വരെയും അവരുടെ തിരക്കുകൾ വർധിച്ചുകൊണ്ടിരിക്കും. ഒരു ദിനം പോലും ആ തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ അവർക്ക് കഴിയാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇടക്കെങ്കിലും അവർക്ക് വിശ്രമം നൽകേണ്ടത് മക്കളുടെ ഉത്തരവാദിത്തമാണ്. ഈ മാതൃദിനത്തിൽ എല്ലാ വീട്ടുജോലികളിൽ നിന്നും അമ്മയെ മാറ്റി നിർത്താൻ ശ്രമിക്കാം. സമാധാനമായി ഇരിക്കാനും വിശ്രമിക്കാനും സാഹചര്യമൊരുക്കാം.
ഒഎൻവി കുറുപ്പിന്‍റെ അമ്മ എന്ന കവിത
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍!
കെട്ടിമറയ്‌ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്‌ക്കെല്ലേയെന്‍റെ കയ്യും
എന്‍റെ പൊന്നോമന കേണിടുമ്പോള്‍ എന്‍റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവദിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ് മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നിൽ
ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്‌നമാം മാറും
കണ്ടുണര്‍ന്നെന്‍റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കണ്ടുണര്‍ന്നെന്‍റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു