ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്രയ്‌ക്ക് മുന്നോടിയായി പ്രദേശത്തെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി അധികൃതര്‍. കശ്‌മീർ സോണ്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ വിജയ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു സുരക്ഷ സേന ഉദ്യാഗസ്ഥരുമായി അവസാനഘട്ട അവലോകനയോഗം ചേര്‍ന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂണ്‍ 30-ന് നടക്കുന്ന അമര്‍നാഥ് യാത്രയ്‌ക്ക് കനത്ത സുരക്ഷയാണ് കേന്ദ്രസര്‍ക്കാരും ജമ്മു കശ്‌മീര്‍ ഭരണകൂടവും ഒരുക്കിയിരിക്കുന്നത്.
യോഗത്തിൽ ഐജി സിആർപിഎഫ്, ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, ജിഒസി വിക്‌ടർ ഫോഴ്‌സ്, തെക്കന്‍ കശ്‌മീര്‍ ജില്ലകളിലെ ബന്ധപ്പെട്ട എസ്എസ്‌പിമാര്‍ എന്നിവരാണ് പങ്കെടുത്തത്. യാത്രയ്‌ക്ക് മുന്നോടിയായി ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗരേഖയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. യാത്രയുടെ സുരക്ഷയ്‌ക്കായി ജമ്മു-ശ്രീനഗർ ഹൈവേയിൽ സിആർപിഎഫ് ജവാൻമാരെയും സൈനികരെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹൈവേകളിലും മറ്റ് റോഡുകളിലും സിആർപിഎഫ് പുതിയ ബങ്കറുകളും നിർമ്മിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്‌ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മേഖലയില്‍ കൂടുതല്‍ സുരക്ഷ വിന്യാസം ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജൂൺ 30 ന് ആരംഭിക്കുന്ന തീർഥാടനം ഓഗസ്റ്റ് 11നാണ് അവസാനിക്കുന്നത്. ഈ വർഷം 800,000 തീർഥാടകർ എത്താൻ സാധ്യതയുണ്ടെന്നാണ് ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും അമര്‍നാഥ് തീര്‍ഥയാത്ര നടന്നിരുന്നില്ല.