രാജസ്ഥാൻ/അൽവാർ : രാജസ്ഥാനിലെ അല്‍വാറില്‍ തിജാര മേല്‍പ്പാലത്തില്‍ കടുത്ത രക്തസ്രാവത്തോടെ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി.
'തന്‍റെ സഹോദരിക്ക് നേരെ നടന്നത് പീഡനമാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ അപകടമാണെന്ന് പറയുന്നു. സഹോദരിയെ കാണാൻ അച്ഛനും അമ്മയും ആശുപത്രിയിലെത്തുന്നതിന് മുമ്പേ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത് എങ്ങനെയാണ് ?, സഹോദരിക്ക് നീതി ലഭ്യമാക്കുമെന്നാണ് എസ്‌പി തന്നോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ വെറും അപകടം മാത്രമാണിതെന്നാണ് പൊലീസ് പറയുന്നത് ' - സഹോദരി പറയുന്നു.
ജീവിതത്തിനായി അവള്‍ പോരാടുകയാണ്. സംസാര ശേഷിയോ കേൾവി ശേഷിയോ ഇല്ലാത്ത കുഞ്ഞുപെൺകുട്ടിയാണ് അവളെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. ഇപ്പോൾ സംസാരിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല ഞങ്ങള്‍. എന്നാല്‍ സഹോദരിക്ക് നീതി കിട്ടണമെന്ന ആഗ്രഹം കൊണ്ടാണ് ധൈര്യം സംഭരിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. അധികാരികൾ കൂടുതൽ സൂക്ഷ്‌മയോടെ കേസ് അന്വേഷിക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു.
അതേസമയം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന ചോദ്യത്തോട് ചികിത്സിച്ച ഡോ.അരവിന്ദ് ശുക്ല പ്രതികരിച്ചില്ല. ഈ വിഷയത്തിൽ പ്രതികരിക്കാൻ കഴിയില്ലെന്നും കണ്ടെത്തലുകൾ റിപ്പോർട്ടായി സമർപ്പിക്കുകയാണ് ചെയ്യുകയെന്നും മെഡിക്കൽ ജൂറിയാകും അന്തിമ തീരുമാനം അറിയിക്കുകയെന്നും ഡോ. ശുക്ല പറഞ്ഞു.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നായിരുന്നു ഇന്നലെ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്ത് പരിക്കുകളേറ്റ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടിയെ രണ്ടര മണിക്കൂർ നീണ്ട റെക്‌റ്റം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.