ഹൈദരാബാദ്: സ്ലീപ് മോഡിലേക്ക് മാറിയ ശേഷം പിന്നീട് മടങ്ങിയെത്താത്ത റോവറനിനെയും ലാന്‍ഡറിനെയും വീണ്ടും ഉണര്‍ത്താനുള്ള ശാസ്‌ത്രജ്ഞരുടെ ശ്രമങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് ചന്ദ്രയാന്‍ 3 നെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളുമായി ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) രംഗത്തെത്തിയത്. ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ലാന്‍ഡിങ് പ്രദേശത്തുള്ള പൊടിപടലങ്ങള്‍ അകന്നുമാറിയെന്ന് ഐഎസ്‌ആര്‍ഒ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന ഈ വാര്‍ത്തകള്‍ക്കിടയിലാണ് ചന്ദ്രനില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ക്ക് പണം ഈടാക്കുന്നുവെന്ന ആക്ഷേപവുമായി ഒരു എകസ് അക്കൗണ്ട് രംഗത്തെത്തിയത്.
ചന്ദ്രനില്‍ നിന്നുള്ള കണ്ടെത്തലുകള്‍ക്കും ഗവേഷണ പ്രബന്ധങ്ങളിലേക്കും പ്രവേശിക്കാന്‍ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു @gareebscientist എന്ന എക്‌സ് ഹാന്‍ഡില്‍ വിമര്‍ശിച്ചത്. ദയവായി ഇതിലേക്ക് പ്രവേശനം അനുവദിക്കുക. പേവാൾ ഉള്ളതിനാൽ ഇവിടെ പ്രസാധകർക്ക് മാത്രമേ പ്രയോജനം ലഭിക്കൂവെന്നും ഇവര്‍ എക്‌സില്‍ കുറിച്ചു.
ഇതോടെ നടത്തിയ അന്വേഷണത്തില്‍ പ്രസിദ്ധീകരണങ്ങള്‍ "സ്പ്രിങർ" എന്ന വെബ്സൈറ്റ് 39.95 യൂറോയുടെ പേവാളിന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി. മാത്രമല്ല ഇതോടെ നികുതിദായകരുടെ നികുതിപ്പണം കൊണ്ട് കൈവരിച്ച നേട്ടവും അതിലൂടെ ലഭ്യമായ ശാസ്‌ത്ര വിവരങ്ങളുടെയും ഉപയോഗത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങളും ഉയര്‍ന്നു.