പ്രയാഗ്‌രാജ് : വാരണാസി ജില്ല കോടതി നിർദേശിച്ച പ്രകാരം ഗ്യാൻവാപി പള്ളിയില്‍ (gyanvapi mosque) സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) അനുമതി നൽകി അലഹബാദ് ഹൈക്കോടതി (allahabad high court). സർവേയ്ക്ക് അനുമതി നൽകിയ ജില്ല കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് അഞ്ജുമൻ ഇന്‍റെസാമിയ മസ്‌ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
ജൂലൈ 27ന് നടക്കേണ്ടിയിരുന്ന എഎസ്ഐ (Archaeological Survey of India) സർവേക്കെതിരായ ഹർജിയിൽ വിശദമായ വാദം കേട്ട അലഹബാദ് കോടതി ഇന്നേക്ക് വിധി പറയാനായി കേസ് മാറ്റുകയായിരുന്നു. അതുവരെ എഎസ്‌ഐ സർവേ സ്‌റ്റേ ചെയ്യുന്നതായും ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ അറിയിച്ചിരുന്നു.
നേരത്തെ ജൂലൈ 26ന് വൈകിട്ട് 5 മണി വരെ വാരണാസി ജില്ല കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. മസ്‌ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ജില്ല കോടതിയുടെ ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കാമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. തുടർന്ന്, ജൂലൈ 25ന് മസ്‌ജിദ് നിയന്ത്രിക്കുന്ന അഞ്ജുമൻ ഇന്‍റെസാമിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സർവേ അനിവാര്യമെന്ന് ഹൈക്കോടതി : നീതിയുടെ താത്പര്യം കണക്കിലെടുക്കുമ്പോൾ ശാസ്‌ത്രീയ സർവേ അനിവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർവേ നടപടികളുടെ ഭാഗമായി മസ്‌ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കുഴിച്ച് പരിശോധന നടത്തുന്നത് പള്ളി കെട്ടിടത്തിന് കേട് ഉണ്ടാക്കും എന്നായിരുന്നു കമ്മിറ്റിയുടെ വാദം. എന്നാൽ, മസ്‌ജിദിന് ഒരു തരത്തിലും കേട് വരുത്തില്ല എന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. ഇത് കൂടി പരിഗണിച്ചാണ് സർവേയ്‌ക്ക് അനുമതി നൽകിയത്.
വാരണാസി ജില്ല കോടതിയുടെ ഉത്തരവ് : ക്ഷേത്രത്തിന് മുകളിലാണോ പള്ളി നിർമിച്ചത് എന്ന് കണ്ടെത്താനാണ് വാരണാസി ജില്ല കോടതി ആർക്കിയോളജി സർവേയ്‌ക്ക് ഉത്തരവിട്ടത്. ജിപിആര്‍ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിശദമായ ശാസ്‌ത്രീയ അന്വേഷണമാണ് വാരണാസി ജില്ല കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഡയറക്‌ടറോട് ആവശ്യപ്പെട്ടത്. നിലവിലെ ഘടനയുടെ ഉത്ഖനനം, ഡേറ്റിങ് രീതി, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കാനും ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.
മുമ്പുണ്ടായിരുന്ന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിതിരിക്കുന്നത് എന്ന കാര്യം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന പരിശോധനയിലൂടെ വ്യക്തമാകും എന്നായിരുന്നു വാരണാസി ജില്ല കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. തുടർന്ന് ജൂലൈ 24ന് രാവിലെ സർവേ ആരംഭിക്കുകയും ചെയ്‌തിരുന്നു. സര്‍വേ നടക്കുന്നതിനിടെ സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. ജൂലൈ 26 ബുധനാഴ്‌ച വൈകിട്ട് 5 മണി വരെ സര്‍വേ നടത്താൻ പാടില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും മസ്‌ജിദ് കമ്മിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.