ദിയോഘര്‍ : ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കുടുങ്ങിയവരില്‍ ശേഷിക്കുന്നവരെയും രക്ഷപ്പെടുത്തിയതായി സുരക്ഷാസേനകള്‍. 15 പേർക്കായുള്ള രക്ഷാപ്രവർത്തനം ചൊവ്വാഴ്‌ച പുലർച്ചയോടെ പുനഃരാരംഭിച്ചിരുന്നു. തിങ്കളാഴ്‌ച വൈകിട്ടോടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ട്രോളികളിൽ കുടുങ്ങിയ 32 പേരെയാണ് തിങ്കളാഴ്‌ച രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ കേബിൾ കാറിൽ കുടുങ്ങിയ ഒരു ഗരുഡ കമാൻഡോയേയും രക്ഷപ്പെടുത്തി. വ്യോമസേനയുടെ ആറ് ഹെലികോപ്‌ടറുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Also Read: കേബിൾ കാർ അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, 11 പേരെ കൂടി രക്ഷപ്പെടുത്തി
രക്ഷപ്പെടുത്തിയവരെ എത്തിക്കാനായി, ത്രികൂട് പർവതത്തിന്‍റെ അടിവാരത്ത് വ്യോമസേന താത്കാലിക ബേസ് ക്യാമ്പ് നിർമിച്ചിട്ടുണ്ട്. രക്ഷപ്പെടത്തിയവരെ പുറത്തെത്തിച്ച് ബേസ് ക്യാമ്പിലേക്കും അവിടെ നിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കും മാറ്റി. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്.
ഐ.ടി.ബി.പി, വ്യോമസേന, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പൊലീസ് സേനാംഗങ്ങള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു.