ന്യൂഡൽഹി : എല്ലാ തരത്തിലുള്ള മതംമാറ്റവും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മതം മാറുന്നത് ജില്ല മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന മധ്യപ്രദേശിലെ നിർബന്ധിത വ്യവസ്ഥ റദ്ദാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചുകൊണ്ടാണ് സുപ്രീം കോടതി പരാമർശം.
ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ച് ഈ വിഷയത്തിൽ നോട്ടിസ് നൽകുകയും കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്‌തു. അതേസമയം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അതും വിസമ്മതിച്ചു. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് വിവാഹം ഉപയോഗിക്കുന്നുവെന്നും അതിനെതിരെ കണ്ണടക്കാനാകില്ലെന്നുമായിരുന്നു മേത്തയുടെ വാദം.
സ്വന്തം ഇഷ്‌ട പ്രകാരം വിവാഹം കഴിക്കുന്ന പ്രായപൂർത്തിയായവരെ ഫ്രീഡം ഓഫ് റിലീജിയൻ ആക്‌ടിലെ (എംപിഎഫ്‌ആർഎ) സെക്ഷൻ 10 പ്രകാരം പ്രോസിക്യൂട്ട് ചെയ്യരുതെന്ന് നവംബർ 14 ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. മതപരിവർത്തനം ആഗ്രഹിക്കുന്ന പൗരൻ ജില്ല മജിസ്‌ട്രേറ്റിന് ഇക്കാര്യത്തിൽ അറിയിപ്പ് നൽകണമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞിരുന്നു.
തെറ്റായി ചിത്രീകരിക്കൽ, വശീകരിക്കൽ, ബലപ്രയോഗം, അനാവശ്യ സ്വാധീനം, നിർബന്ധിക്കൽ, വിവാഹം അല്ലെങ്കിൽ അതുപോലെ മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള മതപരിവർത്തനം എന്നിവയായിരുന്നു സര്‍ക്കാര്‍ വിലക്കിയിരുന്നത്. എംപിഎഫ്‌ആർഎ 2021 ലെ വ്യവസ്ഥകൾ ചോദ്യം ചെയ്‌ത ഏഴ് ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല നിർദേശം.