ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുദ്‌ഗാമിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. തഹസിൽദാര്‍ ഓഫിസ് ജീവനക്കാരനായ രാഹുൽ ഭട്ട്, നടന്‍ അമ്രീൻ ഭട്ട് എന്നിവരുടേത് ഉള്‍പ്പെടെ നിരവധി കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരന്‍ ലത്തീഫ് റാത്തറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സാഖിബ്, മുസാഫർ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരർ.
സംഘത്തിൽ ബാസിത് ദാർ എന്ന ഭീകരൻ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നും കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ് തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടുവെന്നും കശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
READ MORE: ബുദ്‌ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ പിടിയില്‍
കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും സേന പിടികൂടി. ബുദ്‌ഗാമിലെ വാട്ടർഹിൽ മേഖലയിൽ ഇന്ന് രാവിലെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.