പനാജി: കൊവിഡ് ബാധിതരായവര്‍ വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഡോക്ടര്‍ അശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് പറയാത്തവരെല്ലാം ഇത്തരത്തില്‍ ക്വാറന്‍റൈനില്‍ കഴിയണം.
ഗോവയിൽ വാരാന്ത്യ ലോക്ക്ഡൗൺ ഇതിനകം നിലവിലുണ്ട്. സംസ്ഥാനത്തെ കൊവിഡ് -19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഏപ്രിൽ 29 വൈകുന്നേരം 7 മുതൽ മെയ് 3 രാവിലെ വരെ കർശന ലോക്ക്ഡൗൺ നടപ്പാക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഈ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോവയിൽ 3,019 പുതിയ കേസുകളും 36 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം ഇതോടെ 20,898 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ പറയുന്നു.