ന്യൂഡൽഹി: ഡല്‍ഹി കലാപുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) വിദ്യാർഥി ഉമർ ഖാലിദ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി മാർച്ച് ഒന്ന് വരെ നീട്ടി.
14 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 18 പേരെയും വീഡിയോ കോണ്‍ഫറൻസ് വഴി കോടതിയില്‍ ഹാജരാക്കി. ഖാലിദിനെ കൂടാതെ ഷാർജൽ ഇമാം, താഹിർ ഹുസൈൻ, സഫൂറ സർഗാർ, നതാഷ നർവാൾ, ദേവങ്കണ കലിത, ഖാലിദ് സൈഫി, ഇഷ്‌റത്ത് ജഹാൻ, മീരൻ ഹൈദർ, ഗൾഫിഷ, ഷാഫ ഉർ റഹ്മാൻ, ആസിഫ് ഇക്ബാൽ, ഷാദാബ് അഹമ്മദ്, സലീം അഹമ്മദ് ഖാൻ, അഥർ ഖാൻ, ഫൈസാൻ ഖാൻ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡല്‍ഹിയിൽ നടന്ന കലാപത്തില്‍ 53 പേർ മരിക്കുകയും 748 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപത്തിന് പ്രേരിപ്പിക്കാനുള്ള ഗൂഢാലോചന, നിയമവിരുദ്ധമായി കൂട്ടം കൂടല്‍, ആയുധ നിയമം, പൊതു സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയും കലാപത്തിന് പിന്നിലുണ്ടാന്നാണ് പൊലീസിന്‍റെ വാദം. വിദ്യാർഥി പ്രവർത്തകർ കൈമാറിയ വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും അവരുടെ ഫേസ്ബുക്ക് പോസ്റ്റുകളുമാണ് പൊലീസ് തെളിവുകളായി ഹാജരാക്കിയിരിക്കുന്നത്.