നിത്യജീവിതത്തില്‍ നാം ഏറ്റവുമധികം ഉപയോഗിച്ച് പോരുന്ന പദങ്ങളുടെ കൂട്ടത്തിലൊന്നായി മാറിയിരിക്കുകയാണ് പ്രമേഹം. ഒരു കാലത്ത് നിശ്ചിത പ്രായം കഴിഞ്ഞവരില്‍ മാത്രം പറഞ്ഞുകേട്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ തന്നെ കാണാനാവും. ജീവിതക്രമത്തില്‍ ചില ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗം കുറച്ചും ചിലതിന്‍റെ ഉപയോഗം വര്‍ധിപ്പിച്ചുമെല്ലാം പ്രമേഹത്തെ കോട്ട കെട്ടി തടഞ്ഞ് ജീവിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളെന്ന് പറയുന്നതിലും തെറ്റില്ല.
പ്രമേഹം അന്തരീക്ഷത്തില്‍: പ്രമേഹം ജനിതകം മാത്രമാണെന്നും അതല്ല ജീവിതശൈലിയും ഭക്ഷണക്രമവും ഇതിനെ സ്വാധീനിക്കുന്നുവെന്നും തുടങ്ങി പ്രമേഹത്തെ കുറിച്ച് ചിന്തിക്കാതെ ജീവിതം ആനന്ദകരമാക്കൂ എന്ന് ചിന്തിക്കുന്നവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ ഈ രോഗാവസ്ഥയെ കുറിച്ചുള്ള പല മിഥ്യാധാരണകളും പ്രചാരത്തിലുമുണ്ട്. തലമുറകളില്‍ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നതിനാല്‍, ഇത് തലമുറകളിലേക്ക് ക്രമം തെറ്റാതെ കൈമാറി ലഭിക്കാനിടയുണ്ട് എന്ന ചിന്തയില്‍ കുട്ടികളെ കുഞ്ഞുനാള്‍ മുതലേ മധുരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന മാതാപിതാക്കളും ഏറെയാണ്.
പ്രമേഹം കുറയ്‌ക്കണമെന്ന ചിന്തയില്‍ ആരോഗ്യ വിദഗ്‌ധരുടെ ഇടപെടലുകളില്ലാതെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കപ്പെടുന്ന വീഡിയോകളിലൂടെയും അടിസ്ഥാനമില്ലാത്ത ചികിത്സാരീതികള്‍ പിന്തുടര്‍ന്നും അപകടം വരുത്തിവയ്‌ക്കുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ പ്രമേഹം എന്ന രോഗാവസ്ഥയെക്കുറിച്ച് വിശദമായൊരു ചിത്രം സമൂഹത്തിന് അനിവാര്യമാണ്.
എന്താണ് ഈ പ്രമേഹം: അതായത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ (പഞ്ചസാര) അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയാതിരിക്കുകയോ, അല്ലെങ്കില്‍ ഉത്‌പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രമേഹങ്ങളുണ്ടെങ്കിലും, പ്രധാനമായും ടൈപ്പ് 1 മുതല്‍ ടൈപ്പ് 4 വരെ നാല് തരം പ്രമേഹമാണുള്ളത്.
ഇതില്‍ തന്നെ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങൾ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെയിരിക്കുകയും അതുവഴി ഇന്‍സുലിന്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴുണ്ടാവുന്ന ടൈപ്പ് 1 പ്രമേഹവും, ഇൻസുലിൻ ഉത്പാദനത്തിന്‍റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറ് മൂലമുള്ള ടൈപ്പ് 2 പ്രമേഹവുമാണ് സാധാരണമായി കണ്ടുവരാറുള്ളത്. ഇതില്‍ ടൈപ്പ് 1 ന് ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്‌ക്കേണ്ടതായും ടൈപ്പ് 2 ന് ആദ്യകാലങ്ങളില്‍ കൃത്യമായ ഭക്ഷണ ജീവിതക്രമവും തുടര്‍ന്ന് പഴക്കം ചെല്ലുന്നതോടെ ഇൻസുലിനിലേക്ക് നീങ്ങേണ്ടതായും വരാറുണ്ട്.
ഇന്ത്യ എന്ന പ്രമേഹ തലസ്ഥാനം: ലോകത്ത് നിലവില്‍ പ്രമേഹ രോഗികളുടെ എണ്ണം 54 കോടിയിലധികമാണ്. മാത്രമല്ല അടുത്ത പത്ത് വര്‍ഷത്തിനിടെ പത്ത് കോടി ആളുകള്‍ക്ക് കൂടി പ്രമേഹം പിടിപെടുമെന്നും കണക്കുകള്‍ പറയുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം പ്രമേഹ രോഗികളുള്ളതാവട്ടെ ഇന്ത്യയിലുമാണ്. അതിനാല്‍ തന്നെ ലോക പ്രമേഹത്തിന്‍റെ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നതും. ഇനി ഇന്ത്യയിലേക്ക് കടന്നാല്‍ ദക്ഷിണേന്ത്യയിലാണ് പ്രമേഹ രോഗികള്‍ കൂടുതലായുള്ളത്. പ്രായമേറുമ്പോള്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത വര്‍ധിക്കുന്നതായും പഠനങ്ങളുണ്ട്. ഇവയ്‌ക്കൊപ്പം കുട്ടികളിലേയും കൗമാരക്കാരിലേയും ടൈപ്പ്-2 പ്രമേഹവും, ഗര്‍ഭിണികളായ പ്രമേഹ രോഗികളിലെ പ്രമേഹം പ്രസവാനന്തരവും തുടരുന്നതുമെല്ലാം ഒരുപോലെ തന്നെ അലട്ടുന്നതുമാണ്.
മറികടക്കാന്‍ വഴിയില്ലേ?: ശരിയായ ഭക്ഷണക്രമവും ആവശ്യമെങ്കില്‍ മരുന്നും മുഖേന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും തടയിടാന്‍ സാധിക്കും. എന്നാല്‍ പ്രമേഹത്തെ സംബന്ധിച്ച് ആദ്യഘട്ടം ആരും തന്നെ അറിയാതെ പോകുന്നു എന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത്തരത്തില്‍ പ്രമേഹത്തെ ശൈശവ ദശയില്‍ കണ്ടെത്താനാവാതെയും യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെയും വര്‍ഷങ്ങളോളം നമ്മുടെ ശരീരത്തില്‍ പതിയിരിക്കാന്‍ സാധിക്കുമെന്നതും പ്രമേഹം എത്രമാത്രം നിശബ്‌ദനായ വില്ലനാണെന്നതിന് ഉദാഹരണമാണ്.
ചിലപ്പോഴെങ്കിലും ഈ അവസരത്തിനുള്ളില്‍ ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ പല അവയവങ്ങള്‍ക്കും പ്രമേഹം വിലയിട്ടുകഴിഞ്ഞിരിക്കും. അതിനാല്‍ കൃത്യമായ പരിശോധനകളിലൂടെ പ്രമേഹത്തെ പറ്റാവുന്നതിലും വേഗത്തില്‍ കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കേണ്ടതുണ്ട്.
ചികിത്സ പോലെ തന്നെ ചിട്ടയായ ജീവിതശൈലിയാണ് പ്രമേഹത്തിനുള്ള മറ്റൊരു മരുന്ന്. ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുന്നതും ഭക്ഷണകാര്യങ്ങളിലെ സൂക്ഷ്‌മതയുമെല്ലാം പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായകമാണ്. ഇനി ജനിതകമായി കൈമാറിക്കിട്ടാറുള്ള പ്രമേഹത്തിന് പൂര്‍ണമായി തടയിടാനാവില്ലെങ്കിലും, നിയന്ത്രണത്തിലാക്കല്‍ സാധ്യമാണ്.
അതായത് ഉചിതമായ ഭക്ഷണക്രമവും മരുന്നുകളും വ്യായാമവും ശീലമാക്കി രക്തത്തിലെ പഞ്ചാസാരയുടെ അളവും കൊഴുപ്പും സമതുലനാവസ്ഥയില്‍ നിര്‍ത്തുന്നതോടെ പ്രമേഹം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തരണം ചെയ്യാനും പ്രമേഹത്തെ ക്രൂരനായ വില്ലനാകുന്നതില്‍ നിന്നും അകറ്റാനുമാവും. മറ്റെല്ലാ രോഗങ്ങളുടെയും രോഗാവസ്ഥയുടെയും കാര്യങ്ങളിലും പറഞ്ഞുകേള്‍ക്കാറുള്ളത് പോലെ, പ്രമേഹത്തെയും കരുതലോടെ മറികടക്കാന്‍ നമുക്കാവും. പക്ഷെ നിതാന്ത ജാഗ്രതയും ചിട്ടയായ ജീവിതശൈലിയും ഒപ്പം വേണമെന്ന് മാത്രം.