ഹൈദരാബാദ്: ബോളിവുഡ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രൺബീർ കപൂർ ചിത്രം 'ബ്രഹ്മാസ്‌ത്ര' യുടെ മെഗാ പ്രീ റിലീസ് ഇവന്‍റ് ഹൈദരാബാദില്‍ നടന്നു. വെള്ളിയാഴ്‌ച(02.09.2022) ഹൈദരാബാദ് നഗരത്തിലെ പ്രധാന ഹോട്ടലില്‍ നടന്ന ചടങ്ങില്‍ രണ്‍ബീറിനൊപ്പം ആലിയ ഭട്ടും എത്തിയത് ഇവന്‍റിന് മാറ്റ് കൂട്ടി. ഇവരെ കൂടാതെ ജൂനിയർ എൻടിആർ, എസ്‌എസ് രാജമൗലി, നാഗാർജുന, കരൺ ജോഹർ, മൗനി റോയ് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.
അമ്മയാകാനൊരുങ്ങുന്ന ആലിയ ഭട്ട് പരിപാടിക്കെത്തിയത് അതീവ സുന്ദരിയായിട്ടാണ്. പിങ്ക് കളര്‍ സ്യൂട്ടില്‍ സ്വര്‍ണ നിറത്തിലുള്ള നൂലുകള്‍ കൊണ്ടുള്ള വെറൈറ്റി ഡിസൈനാണ് ആലിയയെ കൂടുതല്‍ സുന്ദരിയാക്കിയത്. വസ്‌ത്രത്തിന്‍റെ പിറക് വശത്ത് സ്വര്‍ണ നൂലില്‍ തുന്നിചേര്‍ത്ത 'ബേബി ഓണ്‍ ബോര്‍ഡ്' അതിരറ്റ മാതൃ സ്‌നേഹത്തിന്‍റെ പ്രതീകമായി.
മാത്രമല്ല വസ്‌ത്രത്തില്‍ മുഴുവന്‍ 'ലവ് ' എന്ന് തുന്നിച്ചേര്‍ത്തതും കാണാം. വസ്‌ത്രത്തിന് ഏറ്റവും യോജിച്ച കളറില്‍ കല്ലുകള്‍ പതിച്ച നീളന്‍ കമ്മലുകള്‍ ആലിയയുടെ വശ്യസൗന്ദര്യത്തിന് കൂടുതല്‍ നിറചാര്‍ത്തേകി. അമ്മയാകാന്‍ ഒരുങ്ങുന്നത് കൊണ്ടാവാം താരം മേക്കപ്പ് പരമാവധി കുറച്ചതും ദൃശ്യങ്ങളില്‍ കാണാനാവും.
സിനിമ പ്രചാരണത്തിന് താര ദമ്പതികള്‍ ഒന്നിച്ചാണ് എത്തിയിരുന്നത്. കറുപ്പ് വസ്‌ത്രം അണിഞ്ഞ രണ്‍ബീര്‍ കപൂറും കാഴ്‌ചക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷണമേകി. ആകര്‍ഷകമായ ഇരുവരുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
ദമ്പതികള്‍ ഒന്നിച്ച് തകര്‍ത്ത് അഭിനയിച്ച ചിത്രം എന്നതിനപ്പുറം സിനിമയ്‌ക്ക് മറ്റൊരു പ്രത്യേക കൂടിയുണ്ട്. ഇരുവരുടെയും പ്രണയം മൊട്ടിട്ട് തുടങ്ങിയത് ബ്രഹ്മാസ്‌ത്രയുടെ സെറ്റുകളില്‍ നിന്നാണ്. 2022 ഏപ്രിലിലായിരുന്നു താരദമ്പതികളുടെ വിവാഹം. തുടര്‍ന്ന് 2022 ജൂണില്‍ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ ഷെയര്‍ ചെയ്‌ത് ആലിയ അമ്മയായതിന്‍റെ സന്തോഷം ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്‌തു.
'ബ്രഹ്മാസ്‌ത്ര'യ്‌ക്കായി ആകാംക്ഷകളോടെ പ്രേക്ഷകര്‍: വലിയ ഹൈപ്പുളള ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ 'ബ്രഹമാസ്‌ത്ര'യ്‌ക്കായി കാത്തിരിക്കുന്നത്. അയന്‍ മുഖര്‍ജി ഒരുക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക.
താര ദമ്പതികള്‍ക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും അഭിനയിച്ച ചിത്രം ഇന്ത്യന്‍ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയില്‍ അതിഥി വേഷത്തിലെത്തുന്ന ഷാരൂഖ് ഖാന്‍റെ സീനുകള്‍ക്കായും കാത്തിരിക്കുകയാണ് ആരാധകര്‍. എസ്.എസ് രാജമൗലിയാണ് സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം വാങ്ങിയത്.
വിവിധ ഭാഷകളില്‍ സിനിമ തിയറ്ററുകളിലെത്തിക്കാനുള്ള തീരുമാനത്തിലാണ് രാജമൗലി. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഇന്ത്യന്‍ പുരാണങ്ങളിലെ കഥകളും സങ്കല്‍പ്പങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സാഹസികം, സ്‌നേഹം, പ്രതീക്ഷ എന്നിവയെല്ലാം ഇഴ ചേര്‍ന്ന് സിനിമ പ്രേക്ഷകര്‍ നെഞ്ചിലേറ്റുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
also read: ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്‌ത്ര', മെഗാ പ്രീ-റിലീസ് ഇവന്‍റിനെത്തി താരനിര, ചിത്രങ്ങള്‍ കാണാം