ബോളിവുഡ് താരം അക്ഷയ് കുമാർ (Akshay Kumar) ചിത്രം 'മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ'വിലെ (Mission Raniganj The Great Bharat Rescue) പുതിയ ഗാനം പുറത്തിറങ്ങി (Mission Raniganj song). ചിത്രത്തിലെ 'ജീതേംഗേ' എന്ന ഗാനമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത് (Jeetenge song).
അക്ഷയ് കുമാറാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം റിലീസ് ചെയ്‌തത്. 'ജീതേംഗേ എന്ന ഗാനം പുറത്തിറങ്ങി. ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യൂ. ഭാരതത്തിന്‍റെ യഥാര്‍ഥ നായകന്‍റെ കഥ കാണുക. മിഷന്‍ റാണിഗഞ്ച് തിയേറ്ററുകളില്‍.' -ഇപ്രകാരമാണ് ഗാനം പങ്കുവച്ച് അക്ഷയ് കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
അക്ഷയ് കുമാര്‍ പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും കമന്‍റുകളുമായി ആരാധകര്‍ കമന്‍റ് സെക്ഷനില്‍ ഒഴുകിയെത്തി. ഡോ കുമാർ വിശ്വാസിന്‍റെ ഗാനരചനയില്‍ അര്‍ക്കോയുടെ സംഗീതത്തില്‍ ബി പ്രാക് ആണ് മിഷന്‍ റാണിഗഞ്ചിലെ ഈ പ്രചോദന ഗാനം ആലപിച്ചിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി കൽക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ജസ്വന്ത് സിങ് ഗില്ലിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രമാണ് 'മിഷൻ റാണിഗഞ്ച്' (Jaswant Singh Gill biopic). ഖനി തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു സിഖ് എഞ്ചിനീയറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ പരിണീതി ചോപ്രയാണ് അക്ഷയ് കുമാറിന്‍റെ നായികയായി എത്തുന്നത്. ജസ്വന്ത് സിങിന്‍റെ ഭാര്യയായാണ് പരിണീതി ചോപ്ര വേഷമിട്ടത്.
ടിനു സുരേഷ് ദേശായി ആണ് സിനിമയുടെ സംവിധാനം. അക്ഷയ് കുമാറിന് ദേശീയ പുരസ്‌കാരം നേടികൊടുത്ത 'റുസ്‌തം' സിനിമയുടെ സംവിധായകനാണ് ടിനു സുരേഷ് ദേശായി. ജാക്കി ഭഗ്‌നാനി, വഷു ഭഗ്‌നാനി, അജയ് കപൂർ, ദീപ്‌ശിഖ ദേശ്‌മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്. ഒക്ടോബർ ആറിനാണ് 'മിഷൻ റാണിഗഞ്ച്' തിയേറ്ററുകളില്‍ എത്തിയത്.
അക്ഷയ് കുമാറിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'മിഷൻ റാണിഗഞ്ച്'. ഇക്കാര്യം താരം തന്നെയാണ് ഒരു വാര്‍ത്ത സമ്മേളനത്തിനിടെ അറിയിച്ചത്. മിഷന്‍ റാണിഗഞ്ചിനെ കുറിച്ചും അക്ഷയ് കുമാര്‍ പ്രതികരിക്കുന്നുണ്ട്.
'ദേശീയ അവാർഡിന് അർഹനാണ് സംവിധായകന്‍ ടിനു. കഴിഞ്ഞ നാലഞ്ച് വർഷമായി അദ്ദേഹം ഈ തിരക്കഥയ്‌ക്ക് ഒപ്പമുണ്ട്. ഇതിനായി അദ്ദേഹം വളരെയധികം കഠിനാധ്വാനം ചെയ്‌തു. ഈ ചിത്രത്തിന്‍റെ വാണിജ്യ സാധ്യതകള്‍ എന്തായിരിക്കുമെന്ന് അറിയില്ല. പക്ഷേ തീർച്ചയായും അദ്ദേഹം ഒരുക്കിയ ഈ സിനിമയെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഞാൻ ചെയ്‌ത ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മിഷന്‍ റാണിഗഞ്ച് എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്.' -ഇപ്രകാരമാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.